കുവൈത്ത് സിറ്റി: കടുത്ത ചൂടില്‍ രാജ്യം വെന്തുരുകുമ്പോള്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. സബാഹിയയില്‍ വെള്ളിയാഴ്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ സിറിയന്‍ സ്ത്രീ മരിച്ചു. ഇവരുടെ രണ്ടു സഹോദരിമാര്‍ പൊള്ളലോടെ രക്ഷപ്പെട്ടു. ഖൈത്താനില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ ആറു അഗ്നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലും കഴിഞ്ഞ രണ്ടുദിവസത്തിനിടെ കെട്ടിടത്തില്‍ തീപിടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം പത്തോളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അപകടങ്ങള്‍ പതിവായതോടെ ചെറിയ തീപിടിത്തങ്ങള്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്. ആളപായമോ വലിയ നഷ്ടങ്ങളോ ഇല്ലാത്ത ചെറിയ തീപിടിത്തത്തിന്‍െറ നിരവധി പടങ്ങളാണ് ആളുകള്‍ മാധ്യമസ്ഥാപനങ്ങളിലേക്ക് അയക്കുന്നത്.
വേനല്‍കാലത്ത് തീപിടിത്തങ്ങള്‍ പെരുകുന്ന പതിവുകാഴ്ചതന്നെയാണ് ഇത്തവണയും. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാവുന്നു. കൊടും ചൂടില്‍ തീപിടിത്ത സാധ്യത കൂടുതലായതിനാല്‍ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തില്‍ തീപിടിക്കാന്‍ ഇടയുള്ള വസ്തുക്കള്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. എക്കാലത്തെയും റെക്കോഡ് ചൂടിനാണ് ഇത്തവണ രാജ്യം സാക്ഷ്യംവഹിച്ചത്. ഒരു ഘട്ടത്തില്‍ താപനില 54 ഡിഗ്രി വരെ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.