കുവൈത്ത് എയര്‍വേയ്സ്  ബാഗേജ് പരിധി കുറച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സില്‍ യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ചു. അമേരിക്കയൊഴികെയുള്ള എല്ലാ സെക്ടറുകളിലേക്കുമുള്ള ഇക്കണോമിക് ക്ളാസിലെ ലഗേജ് പരിധിയാണ് 23 കിലോ ആയി നിജപ്പെടുത്തിയത്.
നേരത്തേയുണ്ടായിരുന്ന 40 കിലോയില്‍നിന്നാണ് ഒറ്റയടിക്ക് 17 കിലോ കുറച്ചത്. എന്നാല്‍, അമേരിക്കയിലേക്ക് 23 കിലോ വീതമുള്ള രണ്ടു ബാഗേജുകള്‍ കൊണ്ടുപോകാം. പുതിയ ബാഗേജ് പരിധി ഈമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നതായി കുവൈത്ത് എയര്‍വേയ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു ബാഗില്‍ 23 കിലോയില്‍ കൂടുതല്‍ അനുവദിക്കില്ല. അധികമുള്ള ബാഗേജില്‍ 23 കിലോ വരെ കൊണ്ടുപോകാം. ഇതിന് 35 ദീനാര്‍ അധികം നല്‍കണം. ഇത്തരത്തില്‍ രണ്ടു ബാഗുകള്‍ അധികമായി കൊണ്ടുപോകാന്‍ 60 ദീനാറും മൂന്നെണ്ണത്തിന് 100 ദീനാറും നല്‍കണം. 
എന്നാല്‍, ഫസ്റ്റ് ക്ളാസ് യാത്രക്കാര്‍ക്ക് 32 കിലോ വീതമുള്ള രണ്ടു ബാഗുകളും ബിസിനസ് ക്ളാസ് യാത്രികര്‍ക്ക് 23 കിലോ വീതമുള്ള രണ്ടു ബാഗുകളും കൊണ്ടുപോകാം. കുട്ടികള്‍ക്ക് 10 കിലോ ആണ് ബാഗേജ് പരിധി. തിരുവനന്തപുരം, നെടുമ്പാശ്ശേരി സെക്ടറുകളില്‍ സര്‍വിസ് നടത്തുന്ന കുവൈത്ത് എയര്‍വേയ്സ് ഏറെ മലയാളികള്‍ ആശ്രയിക്കുന്ന സര്‍വിസാണ്. ഈ സെക്ടറുകളില്‍ നേരത്തേയുണ്ടായിരുന്ന 40 കിലോ അടുത്തിടെ 30 കിലോയാക്കി കുറച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയൊഴികെ എല്ലായിടത്തേക്കുമുള്ള ബാഗേജ് പരിധി 23 കിലോയാക്കി ചുരുക്കിയിരിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.