സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അരമുറുക്കണമെന്ന് ധനമന്ത്രി

കുവൈത്ത് സിറ്റി: ആഗോളവിപണിയില്‍ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യം സമീപഭാവിയില്‍ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും ചെലവുകളില്‍ നിയന്ത്രണം പാലിക്കണമെന്ന് ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് സാലിഹ്. അവശ്യസേവനങ്ങളുടെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി, ജനങ്ങള്‍ അതുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ചൊവ്വാഴ്ച തുടങ്ങിയ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അനസ് സാലിഹ്. 
അവശ്യസേവനങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നതിനൊപ്പം പൊതുചെലവുകള്‍ കുറക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ഭരണകുടുംബത്തിന്‍െറ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അമീരി ദിവാന്‍െറ ബജറ്റ് വെട്ടിക്കുറക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് തന്നെ ഇക്കാര്യത്തില്‍ മാതൃക കാണിച്ചിരിക്കുകയാണെന്നും അത് പിന്തുടരാന്‍ എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളും ഒരുക്കമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  സബ്സിഡി നിയന്ത്രണം മാത്രമല്ല സാമ്പത്തിക പ്രതിസസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കാണുന്ന വഴിയെന്ന് വ്യക്തമാക്കിയ അനസ് സാലിഹ്, സമഗ്രമായ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ പണിപ്പുരയിലാണെന്നും അവ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും വിശദീകരിച്ചു. അതേസമയം, സബ്സിഡി വെട്ടിക്കുറക്കുന്നതിന്‍െറയ  ഭാഗമായ  ഇന്ധന, ജല, വൈദ്യുതി നിരക്ക് വര്‍ധനയുടെയും വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. 
പെട്രോളിന്‍െറയും വൈദ്യുതിയുടെയും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയും പാര്‍ലമെന്‍റിന്‍െറ മുന്‍ഗണനാ സമിതിയും വ്യത്യസ്ത നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രതിമാസം 12,000 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് കിലോവാട്ടിന് രണ്ട് ഫില്‍സാണ് നിരക്ക്. ഇതുമാറ്റി 3000 കിലോവാട്ട് വരെ അഞ്ച് ഫില്‍സ്, 3000 മുതല്‍ 6000 കിലോവാട്ട് വരെ 10 ഫില്‍സ്, 6000 മുതല്‍ 10,000 കിലോവാട്ട് വരെ 15 ഫില്‍സ് എന്നിങ്ങനെയാക്കണമെന്ന് മുന്‍ഗണനാ സമിതിയും 3000 കിലോവാട്ട് വരെ രണ്ട് ഫില്‍സ്, 3000 മുതല്‍ 6000 കിലോവാട്ട് വരെ അഞ്ച് ഫില്‍സ്, 6000 മുതല്‍ 10,000 കിലോവാട്ട് വരെ 15 ഫില്‍സ് എന്നിങ്ങനെയാക്കണമെന്ന് പ്രത്യേക സമിതിയും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 60 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 85 ഫില്‍സും 65 ഫില്‍സുള്ള സ്പെഷല്‍ പെട്രോളിന് 90 ഫില്‍സും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 115 ഫില്‍സും ആക്കണമെന്നാണ് പ്രത്യേക സമിതിയുടെ ശിപാര്‍ശയെങ്കില്‍ സൂപ്പര്‍ പെട്രോളിന് 85 ഫില്‍സായും സ്പെഷല്‍ പെട്രോളിന് 105 ഫില്‍സായും അള്‍ട്രാ പെട്രോളിന് 115 ഫില്‍സായും വര്‍ധിപ്പിക്കാനാണ് മുന്‍ഗണനാ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. എണ്ണവിലയുടെ തുടര്‍ച്ചയായ കൂപ്പുകുത്തലിനെ തുടര്‍ന്ന് കുവൈത്ത് ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളെല്ലാം ഇന്ധനവില വര്‍ധിപ്പിച്ചുകഴിഞ്ഞു. അതിനാല്‍തന്നെ താമസിയാതെ കുവൈത്തും ഇതിന് തുനിയുമെന്നാണ് സൂചന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.