സിറിയയിലേക്ക് സൈന്യത്തെ  അയക്കില്ല –കുവൈത്ത്

കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധി രൂക്ഷമാവുകയും തീവ്രവാദ സംഘമായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പ്രവര്‍ത്തനം സജീവമായി നടക്കുകയും ചെയ്യുന്ന സിറിയയിലേക്ക് അറബ് സംയുക്ത സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കവെ, സൈന്യത്തില്‍ പങ്കാളിയാകില്ളെന്ന് കുവൈത്ത് വ്യക്തമാക്കി. സിറിയന്‍ പ്രശ്നത്തില്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ സ്വീകരിക്കുന്ന ഏതു നിലപാടിനോടും സഹകരിക്കാന്‍ ഒരുക്കമാണെങ്കിലും മറ്റൊരു രാജ്യത്ത് സൈനിക ഇടപെടല്‍ നടത്താന്‍ ഭരണഘടന അനുവദിക്കാത്തതിനാലാണ് അതിന് തയാറാവാത്തതെന്ന് കുവൈത്ത് മന്ത്രിസഭാകാര്യ, ജല-വൈദ്യുതി മന്ത്രി ശൈഖ് മുഹമ്മദ് അല്‍മുബാറക് അസ്സബാഹ് പറഞ്ഞു. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്‍റ് സമ്മിറ്റില്‍ കുവൈത്തിനെ പ്രതിനിധാനംചെയ്യുന്ന മന്ത്രി പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുവൈത്തിന്‍െറ നിലപാട് വ്യക്തമാക്കിയത്. ‘സൗദിയുമായും മറ്റു ജി.സി.സി രാജ്യങ്ങളുമായും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ കുവൈത്ത് ഒരുക്കമാണ്. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്കും സമാധാനത്തിനുംവേണ്ട ഏതു നടപടിക്കും രാജ്യത്തിന്‍െറ ഭരണഘടനക്കകത്തുനിന്ന് കുവൈത്ത് തയാറാണ് -അദ്ദേഹം വ്യക്തമാക്കി. കൂട്ടായ്മക്കാവശ്യമായ ഇന്‍റലിജന്‍സ് വിവരങ്ങളുടെ കൈമാറ്റം, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കുവൈത്തിന്‍െറ ഭാഗത്തുനിന്നുണ്ടാകും -മന്ത്രി കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റിന്‍െറയും അല്‍ഖാഇദയുടെയും ഭീഷണി അതിജീവിക്കുന്നതിനായി ഡിസംബറില്‍ റിയാദില്‍ സൗദിയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത 34 അംഗ കൂട്ടായ്മയില്‍ അംഗമാണ് കുവൈത്ത്. ഇറാഖ്, സിറിയ, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഇല്ലായ്മചെയ്യുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. 
ഇതുവരെ സിറിയയിലും ഇറാഖിലും പാശ്ചാത്യശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖാഇദ വേട്ടക്ക് സൈനികേതര പിന്തുണ മാത്രമാണ് ജി.സി.സി രാജ്യങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍, സിറിയയിലേക്കും ഇറാഖിലേക്കും സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞദിവസം സൗദി വ്യക്തമാക്കിയിരുന്നു. 
പിന്നാലെ യു.എ.ഇയും ഇതിനുള്ള സന്നദ്ധത അറിയിച്ചു. ഇതോടെയാണ് അറബ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച് അനൗദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് സൈന്യത്തെ അയക്കാനില്ളെന്ന് കുവൈത്ത് വ്യക്തമാക്കിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.