കുവൈത്ത് പാര്‍ലമെന്‍റ് സമ്മേളനം നാളെമുതല്‍

കുവൈത്ത് സിറ്റി: മൂന്നാഴ്ചത്തെ ഇടവേളക്കുശേഷം കുവൈത്ത് പാര്‍ലമെന്‍റ് ചൊവ്വാഴ്ച വീണ്ടും സമ്മേളിക്കുമ്പോള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നത് സാമ്പത്തിക പരിഷ്കരണവും ഇന്ധനനിരക്ക് വര്‍ധനയും സംബന്ധിച്ച ചര്‍ച്ചകള്‍. 
ഈമാസം 11ന് അവസാനിച്ച പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയങ്ങള്‍ കാര്യമായ ചര്‍ച്ചക്ക് ഇടയാക്കിയെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍മൂലം അന്തിമതീരുമാനത്തിലത്തൊനാവാതെ പിരിയുകയായിരുന്നു. 
പെട്രോള്‍ നിരക്ക് അടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ ധനമന്ത്രി മുന്നോട്ടുവെച്ചെങ്കിലും എം.പിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തതാണ് സര്‍ക്കാറിന് തിരിച്ചടിയായത്. പാര്‍ലമെന്‍റില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമും പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹും നിര്‍ദേശിച്ചതുപ്രകാരം ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റ് സാമ്പത്തികസമിതി പ്രത്യേക യോഗം ചേര്‍ന്നിരുന്നു. 
സ്പീക്കര്‍, പ്രധാനമന്ത്രി എന്നിവരെ കൂടാതെ ഉപപ്രധാനമന്ത്രിയും ധന, എണ്ണ മന്ത്രിയുമായ അനസ് അസ്സാലിഹ്, പാര്‍ലമെന്‍ററികാര്യ മന്ത്രി അലി അല്‍ഉമൈര്‍, മന്ത്രിസഭയിലെയും പാര്‍ലമെന്‍റിലെയും പ്രമുഖര്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്‍റിന് കീഴിലെ സാമ്പത്തികസമിതി, സാമ്പത്തിക പരിഷ്കരണ ഏജന്‍സി എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരൊക്കെ ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. 
സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികള്‍ ധന, എണ്ണമന്ത്രി അനസ് അസ്സാലിഹ് യോഗത്തില്‍ അവതരിപ്പിച്ചു. 
സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചെലവുകുറക്കല്‍, പുതിയ നികുതികള്‍ ഏര്‍പ്പെടുത്തല്‍, ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യസേവനങ്ങളുടെ നിരക്കുവര്‍ധന, സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്കൊപ്പം വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനായി പാരമ്പര്യേതര ഊര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹരിതനഗരങ്ങള്‍ക്ക് തുടക്കമിടുക, പ്രകൃതിവാതകം കൂടുതലായി ഉല്‍പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വഴിതേടുക, എണ്ണയേതര വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തൊനുള്ള നടപടികള്‍ക്ക് വേഗംകൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രി മുന്നോട്ടുവെച്ചിരുന്നു. 
കഴിഞ്ഞ ബുധനാഴ്ച വീണ്ടും സമിതി യോഗംചേര്‍ന്നപ്പോള്‍ പെട്രോള്‍ നിരക്കില്‍ വന്‍ വര്‍ധനക്കുള്ള നിര്‍ദേശം സര്‍ക്കാര്‍ സമര്‍പ്പിച്ചു.  നിരക്ക് 42 മുതല്‍ 83 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ 60 ഫില്‍സുള്ള പ്രീമിയം പെട്രോളിന് 85 ഫില്‍സും 65 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 105 ഫില്‍സും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 165 ഫില്‍സും ആക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് സമിതി ചെയര്‍മാന്‍ എം.പി. ഫൈസല്‍ അല്‍ശായ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സമിതിയില്‍ സമവായമുണ്ടായിട്ടില്ല. അതിനാല്‍തന്നെ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കുവരുമ്പോള്‍ വീണ്ടും അഭിപ്രായവ്യത്യാസമുണ്ടാവാനാണ് സാധ്യത. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.