കുവൈത്ത് സിറ്റി: അഞ്ചുവര്‍ഷത്തിലേറെയായി സിറിയയില്‍ കുട്ടികളും സ്ത്രീകളും വൃദ്ധന്മാരുമുള്‍പ്പെടെ സിവിലിയന്മാര്‍ക്കുനേരെ നടക്കുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
സിറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെയും വിവിധ മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ കുവൈത്തിന്‍െറ സ്ഥിരം പ്രതിനിധി ജമാല്‍ അല്‍ ഗുനൈം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. താമസിക്കുന്ന വീടുകളും പഠിക്കുന്ന സ്കൂളുകളും പള്ളികളും വ്യാപകമായി അക്രമിക്കപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ബശ്ശാറിന്‍െറയും ബശ്ശാറിനെ അനുകൂലിക്കുന്ന വിദേശ സൈനികരുടെയും കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങളില്‍ നൂറുകണക്കിന് കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെടുന്നത്.
പരിക്കേറ്റ് ആശുപത്രികളില്‍ കിടക്കുന്നവര്‍ക്കുനേരെപോലും നടക്കുന്ന ബോംബാക്രമണങ്ങള്‍ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണ്. മനുഷ്യത്വത്തിനു നേരെ നടക്കുന്ന സമാനതകളില്ലാത്ത ഇത്തരം ക്രൂരകൃത്യങ്ങളെ അപലപിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണം.സിറിയന്‍ പ്രശ്നം തുടങ്ങിയതുമുതല്‍ അത് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ മുന്‍പന്തിയില്‍നിന്ന രാജ്യമാണ് കുവൈത്ത്.
അതുപോലെ യുദ്ധക്കെടുതികള്‍മൂലം ദുരിതമനുഭവിക്കുന്ന സിറിയക്കാരെ സഹായിക്കുന്ന കാര്യത്തിലും കുവൈത്ത് മറ്റു ലോക രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്നു. സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യത്വത്തില്‍ താല്‍പര്യമുള്ള എല്ലാ ലോകരാജ്യങ്ങളും ഒന്നിക്കണമെന്ന് ജമാല്‍ അല്‍ഗുനൈം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.