ഓരോ ഡിസംബറും എനിക്ക് ഓർമകൾ സമ്മാനിക്കുന്ന ശരത്കാലങ്ങളാണ്. ഓർമകളുടെ സമ്മാനപൊതികളുമായെത്തുന്ന സുന്ദരകാലം. ചെറുപ്പത്തിൽ തൊട്ടടുത്ത വീട്ടിലെ റീത്തമ്മയും, ജോണേട്ടനും എല്ലാ ക്രിസ്മസ് കാലത്തും വീട്ടിലെത്തിച്ചു തരുന്ന പ്ലം കേക്കിന്റെയും നല്ല മുന്തിരിച്ചാറിൽ ഉണ്ടാക്കുന്ന വൈനിന്റെയും രുചിയായിരുന്നു ക്രിസ്മസ്. പരസ്പരം കൈമാറിയിരുന്ന സ്നേഹം നിറച്ച കേക്കിന്റെ കഷ്ണങ്ങളും ചെറു ഗ്ലാസിൽ പകർന്നു നൽകുന്ന സ്നേഹം ചാലിച്ച വീഞ്ഞും.
പിന്നീടൊരൽപ്പം മുതിർന്നു മധുര പതിനേഴിൽ നിൽക്കുമ്പോൾ കൂട്ടുകാരുമൊത്തുള്ള ക്രിസ്മസ് ആഘോഷങ്ങൾക്കായി പ്രാധാന്യം. വീടുകളിലും നാട്ടിൻപുറത്തെ പ്രധാന കവലകളിലും തൂക്കാനായി തയാറാക്കുന്ന നക്ഷത്ര വിളക്കുകൾ, ക്രിസ്മസ് കരോൾ സംഘങ്ങളോടൊപ്പം വീടുകൾ കയറിയുള്ള കരോൾ സന്ദർശനം, ക്രിസ്മസ് തലേന്നുള്ള പള്ളിയിലെ പാതിരാ കുർബാന, അങ്ങനെ പോകുന്നു ഓർമക്കുളിരുകൾ.
പിന്നെയുള്ള ഓർമയിലെ ക്രിസ്മസ് കാലം ഏറ്റുമാനൂരിൽ സ്കൂളിൽ ജോലി ചെയ്യുമ്പോളുള്ള ക്രിസ്മസാണ്. ഡിസംബർ ആദ്യം തന്നെ സ്കൂളിന് മുമ്പിൽ വലിയൊരു നക്ഷത്രം തൂക്കിയിട്ടുണ്ടാവും.
സ്കൂളിന് മുമ്പിലായി വർണശബളമായ ക്രിസ്മസ് ട്രീ, അതിനോട് ചേർന്ന് നിൽക്കുന്ന ഒരു പാപ്പാനി. പരസ്പരം സമ്മാനങ്ങൾ കൈമാറി ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ. മാനേജ്മെന്റ് എല്ലാ സ്റ്റാഫുകൾക്കുമായി നൽകുന്ന ക്രിസ്മസ് കേക്ക് ഉൾപ്പെടുന്ന ക്രിസ്മസ് കിറ്റുകൾ. അതിൽ ഏറ്റവും ഭംഗിയായി മനസ്സിലേക്കോടിയെത്തുന്ന ഒരാളാണ് സ്കൂളിലെ ജീവനക്കാരനായ ശശി ചേട്ടൻ. ഉപ്പില്ലാത്ത കറിയില്ല എന്ന പോലെയാണ് ശശിച്ചേട്ടൻ. എല്ലായിടത്തും ശശിച്ചേട്ടന്റെ സാന്നിധ്യമുണ്ടാവും. ട്രീയൊരുക്കാനും, നക്ഷത്ര വിളക്ക് തൂക്കാനും, ആഘോഷങ്ങൾക്ക് തൊങ്ങലുത്തൂക്കാനും എല്ലാം. പണിയെടുത്തു മടുക്കുമ്പോൾ ചെറു ചൂടുള്ള കട്ടനും ശശിച്ചേട്ടൻ എത്തിക്കും. വീണ്ടുമൊരു ക്രിസ്മസ് കാലത്തിലൂടെ കടന്നുപോകുമ്പോൾ ഇവയെല്ലാം മനസ്സിൽ ഓർമകളുടെ മഞ്ഞു നിറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.