സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി  കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി

കുവൈത്ത് സിറ്റി: അഞ്ചുവര്‍ഷത്തിലേറെയായി തുടരുന്ന സിറിയയിലെ ആഭ്യന്തര പ്രതിസന്ധി പരിഹാരമില്ലാതെ നീളുമ്പോള്‍ കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തുനിന്നുള്ള സഹായങ്ങള്‍ സിറിയന്‍ അഭയാര്‍ഥികളെ തേടിയത്തെുന്നു. ജോര്‍ഡന്‍, ലബനാന്‍ എന്നിവിടങ്ങളിലെ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനാണ് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായങ്ങള്‍ ഉപയോഗിക്കുന്നു.  
ആഭ്യന്തര സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമാവുന്ന നിരപരാധികളുടെ എത്രയോ ഇരട്ടിയാണ് അഭയാര്‍ഥികളാവുന്നത്. രാജ്യത്തിനകത്തും അയല്‍രാജ്യങ്ങളായ ജോര്‍ഡന്‍, ലബനാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും അഭയം തേടിയ സിറിയക്കാരെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര ഏജന്‍സികളെയും കൂടാതെ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളും മുന്നിട്ടിറങ്ങുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. 
ജോര്‍ഡനിലെ സിറിയന്‍ അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് അടുത്തിടെ 25,000 സ്കൂള്‍ ബാഗുകള്‍ വാങ്ങി നല്‍കുകയും 16,000 യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ ഫീസ് അടക്കുകയും ചെയ്തതായി കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി മീഡിയ ഓഫിസര്‍ ഖാലിദ് അല്‍സൈദ് പറഞ്ഞു. കൂടാതെ, അമ്മാനിലെ ജോര്‍ഡന്‍ റെഡ്ക്രസന്‍റ് ആശുപത്രിയിലേക്ക് അഞ്ച് ഇന്‍ക്യുബേറ്റര്‍ നല്‍കുകയും സിറിയന്‍ രോഗികളുടെ ചികിത്സക്കായി 50 ലക്ഷം ഡോളര്‍ നല്‍കുകയും ചെയ്തു. 
14,000 സിറിയന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രണ്ടു സ്കൂളുകളുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം ചെയ്യുകയും സത്താരി അഭയാര്‍ഥി ക്യാമ്പിലെ 3,000ത്തോളം കുട്ടികളുടെ ചേലാകര്‍മത്തിന് സൗകര്യമൊരുക്കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി ജോര്‍ഡനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയും കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിക്കുണ്ട്്. 2014ല്‍ 3,06,000 ടണ്ണും 2015ല്‍ 2,90,000 ടണ്ണും ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. 
ഇതോടൊപ്പം നിരവധി കുടുംബങ്ങള്‍ക്ക് ശൈത്യകാലത്തേക്കുള്ള പ്രത്യേക വസ്ത്രങ്ങളും വിതരണം ചെയ്തു. ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കും കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി തുടര്‍ച്ചയായി സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി കൂടിയായ ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍സായറാണ് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ സഹായപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.