ആരോഗ്യമന്ത്രാലയം കേരള സന്ദര്‍ശനം വീണ്ടും മാറ്റി; നഴ്സിങ് ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്‍െറ കേരള സന്ദര്‍ശനം വീണ്ടും മാറ്റിയതോടെ നഴ്സിങ് റിക്രൂട്ട്മെന്‍റ് ഉടന്‍ പുനരാരംഭിക്കുമെന്ന ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷക്കുമേല്‍  കരിനിഴല്‍. ഒരുവര്‍ഷത്തോളമായി മുടങ്ങിക്കിടന്ന കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കാനാവശ്യമായ പ്രായോഗിക നടപടിക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ കുവൈത്ത് സംഘത്തിന്‍െറ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നഴ്സിങ് മേഖലയിലുള്ളവര്‍. എന്നാല്‍, പ്രതിനിധിസംഘത്തിന്‍െറ യാത്ര അവസാന നിമിഷം മാറ്റിവെച്ചതിനാല്‍ ജോലി കാത്തിരിക്കുന്നവരുടെ അവസ്ഥ വീണ്ടും ത്രിശങ്കുവിലായി. 
ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും നിയമവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ചൊവ്വാഴ്ചയാണ് കേരളത്തിലേക്ക് തിരിക്കേണ്ടിയിരുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തിലുണ്ടാവുന്ന സംഘം സംസ്ഥാന സര്‍ക്കാര്‍, നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ് (ഒഡാപെക്) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ധാരണ. എന്നാല്‍, ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ യാത്ര തല്‍ക്കാലം മാറ്റിവെക്കുകയാണെന്നാണ് ചൊവ്വാഴ്ച വൈകീട്ട് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. രണ്ടാഴ്ചക്കകം സന്ദര്‍ശനമുണ്ടാവുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഒരു വര്‍ഷം മുമ്പാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായത്. 2015 ഏപ്രില്‍ 30 മുതല്‍ ഇത ്നടപ്പാവുമെന്ന തരത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സിനും ഒഡാപെക്കിനും മാത്രമായിരുന്നു അനുമതി. 
പിന്നീട്, തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് വഴി വന്‍തട്ടിപ്പാണ് നടക്കുന്നതെന്ന് ബോധ്യമായതിനെ തുടര്‍ന്നായിരുന്ന സര്‍ക്കാര്‍ നടപടി. 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നഴ്സിങ് ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ വിലക്ക് നീക്കുകകൂടി ചെയ്തതോടെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിയുടെ ഡിമാന്‍ഡ് ലെറ്ററും എംബസി അറ്റസ്റ്റേഷനും ആവശ്യല്ളെന്ന് വരുകയും കോഴ 20-25 ലക്ഷത്തിലേക്കും പിന്നീട് 30 ലക്ഷത്തിലേക്കും വരെ ഉയരുകയും ചെയ്തു. തുടര്‍ന്ന്, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിന്‍െറ നേതൃത്വത്തില്‍ നടന്ന നിരന്തര സമ്മര്‍ദത്തിന്‍െറയും നഴ്സിങ് റിക്രൂട്ട്മെന്‍റ് ഏറ്റെടുക്കാന്‍ തങ്ങളുടെ കീഴിലുള്ള ഏജന്‍സികള്‍ ഒരുക്കമാണെന്ന കേരള സര്‍ക്കാറിന്‍െറ നിലപാടിന്‍െറയും ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ അത്തരത്തിലുള്ള ഉത്തരവ് ഇറക്കിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഴ്സിങ് സമൂഹത്തിന് ഗുണം ചെയ്യുകയും ഈ രംഗത്തെ കോഴസംവിധാനം അവസാനിപ്പിക്കുകയും ചെയ്യുന്ന തീരുമാനമായിരുന്നു ഇതെങ്കിലും,  പ്രയോഗത്തില്‍ വരുത്തുന്നതിലുള്ള ബുദ്ധിമുട്ടാണ് ഒരു വര്‍ഷത്തോളമായി നഴ്സിങ് നിയമനം നിലക്കാന്‍ കാരണമായത്. റിക്രൂട്ട്മെന്‍റ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തുടക്കത്തില്‍ കുവൈത്ത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന്, എംബസിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചയെ തുടര്‍ന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലത്തെിയത്. സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ രണ്ടുവട്ടം കുവൈത്തിലത്തെി ആരോഗ്യമന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. 
ഇതിന്‍െറ തുടര്‍ച്ചയായാണ് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്‍െറ കേരള സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. റിക്രൂട്ട്മെന്‍റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ നീങ്ങുമെന്ന ഉദ്യോഗാര്‍ഥികളുടെ പ്രത്യാശക്കുമേല്‍ അപ്രതീക്ഷിത പ്രഹരമായി സന്ദര്‍ശനം മാറ്റിവെക്കാനുള്ള തീരുമാനം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.