കുവൈത്ത് സിറ്റി: കുവൈത്തില്‍ 15ാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച മുതല്‍ പരസ്യ പ്രചാരണത്തിന് വിലക്കുണ്ട്. ഇലക്ട്രോണിക് മീഡിയ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍, ഇന്‍റര്‍വ്യൂ തുടങ്ങിയവ നല്‍കുന്നതിനും വിലക്കുണ്ട്. ഏതെങ്കിലും സ്ഥാനാര്‍ഥിയെ സഹായിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സമ്മര്‍ദങ്ങളില്ലാതെ ചിന്തിച്ച് സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ അവസരമൊരുക്കാനാണ് ഒരു ദിവസം മുമ്പ് പരസ്യപ്രചാരണം വിലക്കിയതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ക്രിയാത്മകമായി വോട്ടവകാശം വിനിയോഗിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവാന്‍ ബോധവത്കരിക്കുന്നതിനുമാണ് മാധ്യമങ്ങള്‍ക്ക് അനുമതിയുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തുള്ളത് 287 പേരാണ്. പത്രിക സമര്‍പ്പണത്തിന്‍െറ അവസാന ദിവസം മൊത്തം 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിനിടയില്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ സൂക്ഷ്മപരിശോധന ആരംഭിക്കുകയും സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു. ഇതില്‍ 128 പേര്‍ മത്സരരംഗത്തുനിന്ന് സ്വയം പിന്‍വാങ്ങിയപ്പോള്‍ 40പേരുടെ പത്രിക തള്ളി. രാജകുടുംബാംഗത്തിന്‍േറതുള്‍പ്പെടെ നിരവധി പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ കമീഷന്‍ തള്ളിയത്. മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ അബ്ദുല്‍ ഹമീദ് ദശ്തി, ഹാനി ഹുസൈന്‍, സഫാഹ് അല്‍ ഹാഷിം തുടങ്ങിയ പ്രമുഖരും പത്രിക തള്ളപ്പെട്ടവരില്‍ പെടും. ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തില്‍നിന്നും 10 പേര്‍ തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ 75 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉള്‍പ്പെടെ 150ഓളം വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സി.എന്‍.എന്‍, അല്‍ അറബിയ, സ്കൈ ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വാര്‍ത്താവിതരണ മന്ത്രാലയം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ഷെറാട്ടണിലെ മീഡിയ സെന്‍ററിന് കീഴിലാണ് വിദേശമാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടെലിവിഷന്‍ ചാനലുകള്‍ക്ക് തത്സമയ സംപ്രേഷണത്തിന് മീഡിയ സെന്‍ററില്‍ രണ്ട് സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.