കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ച നടപടി ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച ചേരുന്ന യോഗം നിര്‍ണായകം. പാര്‍ലമെന്‍റ് അംഗങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സംയുക്തയോഗമാണ് ബുധനാഴ്ച സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്‍െറ അധ്യക്ഷതയില്‍ ചേരുന്നത്.
ഇന്ധന വിലവര്‍ധനക്കെതിരായി എം.പിമാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഉയര്‍ന്ന രോഷം തണുപ്പിക്കാനുതകുന്ന എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ യോഗത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. അമീറിന്‍െറ പ്രത്യേക ഉത്തരവിലൂടെ വര്‍ധിപ്പിച്ച നിരക്ക് നിലനിര്‍ത്തിക്കൊണ്ടുതന്നെ എം.പിമാരെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഡ്രൈവിങ് ലൈസന്‍സുള്ള സ്വദേശികള്‍ക്ക് പ്രതിമാസം 15 ദീനാര്‍ വീതം പെട്രോള്‍ അലവന്‍സ് നല്‍കുക, പണപ്പെരുപ്പ അലവന്‍സ് ആയി നല്‍കിവരുന്ന തുക 120 ദീനാറില്‍നിന്ന് 150 ആക്കി വര്‍ധിപ്പിക്കുക, സ്വദേശികള്‍ ഓരോ തവണ പെട്രോള്‍ നിറക്കുമ്പോഴും സബ്സിഡി തുക സിവില്‍ ഐ.ഡി കാര്‍ഡ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുക തുടങ്ങിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരക്കുവര്‍ധന നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ലമെന്‍റംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചേക്കുമെന്ന സൂചനകള്‍ ഉയരുന്നുണ്ട്.
നടപടിക്രമങ്ങള്‍ പാലിക്കാതെയും പാര്‍ലമെന്‍റിന്‍െറ അംഗീകാരമില്ലാതെയുമാണ് ഇന്ധനവില വര്‍ധിപ്പിച്ചതെന്ന കാരണം പറഞ്ഞ് അഡ്മിനിസ്ട്രേറ്റിവ് അതിവേഗ കോടതി വിലവര്‍ധന സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ എം.പിമാരുടെ ശബ്ദത്തിന് കരുത്തേറെയാണ്.
ചില എം.പിമാര്‍ ബുധനാഴ്ചത്തെ യോഗം ബഹിഷ്കരിക്കും. പെട്രോള്‍ നിരക്ക് പരിഷ്കരണം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റ് അടിയന്തരമായി വിളിച്ചുകൂട്ടണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ യോഗം ബഹിഷ്കരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന ആശ്വാസപാക്കേജില്‍ തങ്ങള്‍ക്ക് ഇടമുണ്ടാവുമോ എന്നാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്. ആശ്വാസ നടപടികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന സൂചനയാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ധന വിലവര്‍ധനയുടെ ഭാരം വിദേശികള്‍ സഹിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.