file photo

പാര്‍ലമെന്‍റ് ഉടന്‍ പിരിച്ചുവിടുമെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്‍റ് ദിവസങ്ങള്‍ക്കകം പിരിച്ചുവിടുമെന്ന് സൂചന. വിവിധ മന്ത്രിമാര്‍ക്കെതിരെ എം.പിമാര്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയിരിക്കെയാണ് അമീരി ഉത്തരവിലൂടെ ദിവസങ്ങള്‍ക്കകം പാര്‍ലമെന്‍റ് പിരിച്ചുവിടുമെന്ന സൂചനകള്‍ പുറത്തുവന്നത്. മിക്കവാറും ഞായറാഴ്ച പാര്‍ലമെന്‍റ് പിരിച്ചുവിടുമെന്ന് സര്‍ക്കാറിനെ അനുകൂലിക്കുന്ന മുതിര്‍ന്ന എം.പി ഖലാഫ് ദുമൈതീര്‍ സൂചന നല്‍കി. സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ഉടനെയാണ് അദ്ദേഹം ഇത് പറഞ്ഞത്. 
താന്‍ സാധനങ്ങളെല്ലാം ഓഫിസില്‍നിന്ന് മാറ്റിയെന്ന് വരെ അദ്ദേഹം പറഞ്ഞു. ഇത് അവസാനത്തെ സെഷന്‍ ആവുമെന്ന് പാര്‍ലമെന്‍റുമായി ബന്ധപ്പെട്ട വൃത്തങ്ങളും മുതിര്‍ന്ന എം.പിമാരും സമ്മതിക്കുന്നു. മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണക്ക് എം.പിമാര്‍ നീക്കം നടത്തുന്നതിനിടെയാണ് പാര്‍ലമെന്‍റ് പിരിച്ചുവിടുമെന്ന സൂചനകള്‍ പുറത്തുവിടുന്നത്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എണ്ണ-ധനകാര്യ മന്ത്രിക്കെതിരെ അനസ് അല്‍ സാലിഹിനെതിരെ മൂന്ന് എം.പിമാര്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കുമെന്നറിയിച്ചിരുന്നു. 
അലി അല്‍ ഖമീസ്, അബ്ദുല്ല അല്‍ തുറൈജി, അഹ്മദ് അല്‍ ആസ്മി എന്നിവരാണ് കുറ്റവിചാരണ ഭീഷണി മുഴക്കിയത്. എണ്ണവില വര്‍ധിപ്പിച്ച തീരുമാനത്തിന് പുറമെ മന്ത്രാലയത്തില്‍ നടക്കുന്ന കെടുകാര്യസ്ഥതകള്‍കൂടി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ കുറ്റവിചാരണ ചെയ്യാന്‍ എം.പിമാര്‍ നീക്കം നടത്തിയത്. സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലും തൃപ്തരാവാതെയാണ് ഇവര്‍ കുറ്റവിചാരണക്ക് ശ്രമിക്കുന്നത്. ഫൈസല്‍ അല്‍ കന്ദരി, സ്വാലിഹ് അശ്ശൂര്‍, ഹംദാന്‍ അല്‍ ആസ്മി, ജമാല്‍ അല്‍ ഉമര്‍ എന്നീ എം.പിമാരും കുറ്റവിചാരണക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തേ, അഴിമതി വിരുദ്ധ അതോറിറ്റിയുടെ ബൈലോ പുറത്തിറക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് നീതിന്യായ മന്ത്രി യഅ്ഖൂബ് അല്‍ സാനിഇനെതിരെ പാര്‍ലമെന്‍റംഗം അഹ്മദ് അല്‍ ഖുദൈബി കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു. രാജ്യത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 2017 ജൂലൈ 27ന് നടക്കുമെന്ന് പൊതുമരാമത്ത്- പാര്‍ലമെന്‍ററികാര്യ മന്ത്രി ഡോ. അലി അല്‍ ഉമൈര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നേരത്തേ ആയേക്കും. അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 50 പാര്‍ലമെന്‍റ് അംഗങ്ങളെയാണ് പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടത്തെുക. ഓരോ മണ്ഡലത്തില്‍നിന്നും കൂടുതല്‍ വോട്ടുനേടിയ ആദ്യത്തെ പത്തുപേര്‍ തെരഞ്ഞെടുക്കപ്പെടും. ബഹിഷ്കരണം അവസാനിപ്പിച്ച് തങ്ങളും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് വിവിധ പ്രതിപക്ഷ-ഇസ്ലാമിസ്റ്റ് കക്ഷികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.