വിദേശ അധ്യാപകരുടെ താമസ അലവന്‍സ് കുറച്ച ഉത്തരവില്‍ ധനമന്ത്രി ഒപ്പുവെച്ചു

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന വിദേശ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും താമസ അലവന്‍സ് 150 ദീനാറില്‍നിന്ന് 60 ദീനാറായി കുറച്ചുകൊണ്ടുള്ള ഉത്തരവില്‍ ധനകാര്യമന്ത്രി അനസ് അല്‍ സാലിഹ് ഒപ്പുവെച്ചു. വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
സ്വദേശികളല്ലാത്ത അധ്യാപകര്‍ക്ക് താമസ അലവന്‍സ് എന്ന പേരില്‍ കൊടുത്തുകൊണ്ടിരുന്ന 150 ദീനാര്‍ 60 ദീനാറായി കുറക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്‍ അടുത്തിടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണിതെന്ന് കമീഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെ, തങ്ങളുടെ താമസ അലവന്‍സ് ഒറ്റയടിക്ക് ഗണ്യമായി കുറച്ച നടപടി അംഗീകരിക്കാനാവില്ളെന്നും ജോലി രാജിവെക്കുമെന്നും അധ്യാപകര്‍ ഭീഷണി മുഴക്കുകയും ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വില കൂടുകയും അതുവഴി ജീവിതച്ചെലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അലവന്‍സ് വെട്ടിക്കുറച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ളെന്നും അധ്യാപകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാരണത്താല്‍ അധ്യാപകര്‍ രാജിവെച്ചാലും പ്രശ്നമില്ളെന്നും ഫലസ്തീനുള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകര്‍ രാജ്യത്ത് തൊഴിലവസരം കാത്തിരിക്കുകയാണെന്നുമാണ് അധികൃതരുടെ മറുപടി. ഇതിനിടെയാണ് ഇപ്പോള്‍ അധ്യാപകരുടെ അലവന്‍സ് കുറച്ചുകൊണ്ടുള്ള ഉത്തരവ് അംഗീകരിച്ച് ധനകാര്യമന്ത്രി ഒൗദ്യോഗികമായി ഒപ്പുവെച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദേശ അധ്യാപകരുടെ തരംതിരിച്ചുള്ള കണക്കെടുക്കല്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പുരുഷ അധ്യാപകര്‍ എത്ര, സ്ത്രീകളെത്ര, വിഹാഹിതരും അവിവാഹിതരും തുടങ്ങിയ കാര്യങ്ങളാണ് കണക്കെടുപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. രാജ്യത്തെ വിദേശ അധ്യാപകരില്‍ സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അധികവും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.