കുവൈത്ത് സിറ്റി: ഏതുതരം സന്നദ്ധ സേവനങ്ങള്‍ക്കുവേണ്ടിയായാലും വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിക്കുന്നതിനെതിരെ സ്വകാര്യ സ്കൂളുകള്‍ക്ക് മുന്നറിയിപ്പ്. രാജ്യത്തിനകത്തോ രാജ്യത്തിന് പുറത്തുള്ള മറ്റു സഹായ-സേവന പദ്ധതികള്‍ക്കുവേണ്ടിയോ ഇത്തരം പണപ്പിരിവുകളിലേര്‍പ്പെടുന്ന സ്കൂളുകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭം പ്രമാണിച്ച് സ്വകാര്യ സ്കൂള്‍ വകുപ്പ് മേധാവികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാലയകാര്യ മേധാവി അബ്ദുല്ല അല്‍ അജമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ പഠന-പാഠ്യേതര രംഗങ്ങളില്‍ ഫലവത്തായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്വകാര്യ വിദ്യാലയ അധികൃതരും തങ്ങളുടെ സ്ഥാപനം മികച്ച പഠനനിലവാരം പുലര്‍ത്തുന്ന സ്കൂളായി മാറ്റാന്‍ ശ്രമിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം അധ്യാപകരെ നിയമിക്കേണ്ടത്. സ്വാധീനത്തിന് വഴങ്ങി തങ്ങള്‍ക്ക് അടുപ്പമുള്ളവരെ നിയമിക്കുന്ന അവസ്ഥ ഉണ്ടാവരുത്. അധ്യാപകരുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. സ്കൂളുകളില്‍ പഠനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വിദ്യാഥികളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ അധ്യാപകരെ സന്ദര്‍ശിക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഇതിന് പകരം എല്ലാ ആഴ്ചയിലെയും അവസാനത്തെ പ്രവൃത്തി ദിവസമായ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കുശേഷം അധ്യാപകരുമായി ആശയവിനിമയത്തിന് രക്ഷിതാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശം.
അംഗവൈകല്യമുള്ള വിദ്യാഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സൗകര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മന്ത്രാലയം എല്ലാ സ്വകാര്യ സ്കൂളുകളിലും ഇത്തരം വിദ്യാര്‍ഥികള്‍ക്ക് മികച്ച സേവനം ലഭിക്കുന്ന സാഹചര്യമുണ്ടാവണമെന്ന് ഉണര്‍ത്തി.
അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും പേരും എണ്ണവും യോഗ്യതകളും രേഖപ്പെടുത്തിയ ഫയല്‍ സ്കൂളുകളിലുണ്ടായിരിക്കണം.
മന്ത്രാലയത്തില്‍നിന്നത്തെുന്ന പരിശോധകര്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ഇത്തരം രേഖകള്‍ സൂക്ഷിക്കേണ്ടതെന്നും അബ്ദുല്ല അല്‍ അജ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.