കുവൈത്ത് സിറ്റി: വൻതോതിൽ ലഹരിവസ്തുക്കളുമായി 24 പേരെ പിടികൂടി. 17 കേസുകളിലായാണ് ഇത്രയും പേർ പിടിയിലായത്. ഷാബു, ഹാഷിഷ്, ഹെറോയിൻ, മരിജുവാന, കൊക്കെയ്ൻ എന്നിവ അടക്കം 14 കിലോ വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ, 1432 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത ആറ് ആയുധങ്ങളും വെടിക്കോപ്പുകളും, മദ്യം, വിൽപനയിൽനിന്ന് ലഭിച്ച തുക എന്നിവ പ്രതികളിൽനിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമം കർശനമായി നടപ്പാക്കൽ, സുരക്ഷ സാന്നിധ്യം ശക്തമാക്കൽ എന്നിവയുടെ ഭാഗമായി നിയമവിരുദ്ധരെയും ലഹരിവസ്തുക്കളുടെ വിതരണക്കാരെയും കണ്ടെത്താനുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കും ദുരുപയോഗത്തിനും വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി.
നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ലഹരിക്കടത്ത്, ദുരുപയോഗം എന്നിവക്കെതിരെ ക്രിമിനൽ സെക്യൂരിറ്റി ജീവനക്കാരും മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരിക്കടത്തുകാരെക്കുറിച്ച വിവരങ്ങൾ ലഭ്യമായാൽ എമർജൻസി ഫോണിലും (112), ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഹോട്ട്ലൈനിലും (1884141) റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.