കുവൈത്ത് സിറ്റി: കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് 31 വയസ്സ്. ഇതുപോലൊരു ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈെൻറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിെൻറ ശക്തിസ്രോതസ്സായ എണ്ണക്കിണറുകൾ ഇറാഖ് സൈന്യം തേടിപ്പിടിച്ച് തീയിട്ടു. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. ആകാശംമുട്ടെ ഉയർന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു മാസങ്ങളോളം രാജ്യം.
2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെക്കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകർത്തു. നൂറുകണക്കിന് കെട്ടിടങ്ങൾ ബുൾഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തിൽനിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
ലോകഭൂപടത്തിൽനിന്ന് കുവൈത്ത് എന്ന രാജ്യത്തെ തന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകൾ പാഞ്ഞടുത്തത്. കുവൈത്തിനെ ഇറാഖിെൻറ 19ാമത് ഗവർണറേറ്റ് ആക്കുകയായിരുന്നു അയൽരാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം.
സ്വതന്ത്ര പരമാധികാര രാജ്യത്തെ തകർത്ത് കാൽക്കീഴിലാക്കാനുള്ള സദ്ദാമിെൻറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിെൻറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. 'ഓപറേഷൻ സാൻഡ് സ്റ്റോം' എന്നായിരുന്നു ഈ ദൗത്യത്തിെൻറ പേര്. അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ സഖ്യസേനയിൽ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.
ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ 1991 ഫെബ്രുവരി 26നാണ് കുവൈത്ത് മോചനം നേടിയത്. ഈ ദിനമാണ് കുവൈത്ത് വിമോചനദിനമായി കൊണ്ടാടുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറവും അധിനിവേശത്തിെൻറ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും ഓർമയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകൾ ഇന്നും ഈ മണ്ണിലുണ്ട്.
ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിെൻറ ദുരിതം അനുഭവിച്ചു. മരണം മുന്നിൽകണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. സമ്പാദ്യമെല്ലാം ഒരു ദിവസംകൊണ്ട് നഷ്ടമായപ്പോൾ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്.
ഇന്ന് കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വൻ വികസനക്കുതിപ്പിലാണ്. അപ്പോഴും, ആ കറുത്ത കാലത്തിെൻറ നീറുന്ന ഓർമകൾ കുവൈത്ത് ജനതയുടെ മനസ്സിലുണ്ട്.അതേസമയം, ഇറാഖുമായി ഉൗഷ്മളമായ അയൽബന്ധമാണ് കുവൈത്തിന് ഇപ്പോഴുള്ളത്.
കുവൈത്ത് സിറ്റി: അധിനിവേശകാലത്തു കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് ഇനിയും ഒരുവിവരവുമില്ലാതെ എത്രയോ പേർ. ഇവരിൽ വലിയൊരു വിഭാഗം ഇറാഖിൽ കൊന്നൊടുക്കി കൂട്ടക്കുഴിമാടങ്ങളിൽ അടക്കപ്പെട്ടവരാണ്. 600ലേറെ പേരെയാണ് കാണാതായത്. ഇനിയും എത്രയോ പേരെ കിട്ടാനുണ്ട്.
ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ നേരേത്ത കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവ് ചെയ്യുകയാണ് ചെയ്തത്.
അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം മുതന്ന മരുഭൂമിയിൽ നടത്തിയ പര്യവേക്ഷണത്തിൽ കുവൈത്ത് യുദ്ധത്തടവുകാരുടേതെന്നു സംശയിക്കുന്ന ഏതാനും ശരീരാവശിഷ്ടങ്ങൾ അടുത്തിടെ കണ്ടെത്തി. ഇതിൽ 23 പേരെ ഇൗ വർഷം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് കുവൈത്തിൽ കൊണ്ടുവന്ന് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.