കുവൈത്ത് സിറ്റി: കുവൈത്ത് ഐക്യരാഷ്ട്രസഭയിൽ അംഗത്വമെടുത്തതിന്റെ 60ാം വാർഷികം ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ആഘോഷിച്ചു. കുവൈത്തിന്റെ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്ന പ്രദർശനങ്ങളും കുവൈത്ത് ദേശീയ സംഗീത ബാൻഡിന്റെ പ്രകടനവും ചടങ്ങിൽ അരങ്ങിലെത്തി.
യു.എൻ ജനറൽ അസംബ്ലി ഹാളിൽ സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ സന്ദേശത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സഭയെ അഭിമുഖീകരിച്ചു. യു.എന്നിൽ ചേർന്നതിനുശേഷം എല്ലാ അന്താരാഷ്ട്ര അംഗങ്ങൾക്കിടയിലും സഹകരണവും ധാരണയും വർധിപ്പിക്കാൻ കുവൈത്ത് ഉത്സാഹത്തോടെ പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ 60 വർഷത്തെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായും, അംഗത്വ സമയത്ത് സുരക്ഷ, സുസ്ഥിര വികസനം, മനുഷ്യാവകാശങ്ങൾ എന്നിവ വർധിപ്പിക്കാൻ തന്റെ രാജ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ നീതിയും മിതത്വവും ശക്തിപ്പെടുത്തുന്ന കാര്യത്തിൽ കുവൈത്ത് യു.എന്നിന്റെ വിശ്വസനീയമായ പങ്കാളിയാണെന്നും അദ്ദേഹം ഉറപ്പിച്ചു.കുവൈത്തും യു.എന്നും തമ്മിലുള്ള ശക്തമായ ബന്ധത്തെ യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരീഖ് അൽ ബനായി അഭിനന്ദിച്ചു. യു.എന്നിനെ പിന്തുണക്കാൻ എന്നും കുവൈത്ത് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1963ൽ യു.എന്നിൽ അംഗമായതു മുതൽ കുവൈത്ത് സജീവവും വിലപ്പെട്ടതുമായ അംഗമാണെന്ന് ചടങ്ങിൽ സംസാരിച്ച യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി പറഞ്ഞു. കുവൈത്തിന്റെ മാനുഷിക സഹായപദ്ധതികളെ പ്രശംസിച്ച അദ്ദേഹം സംഘട്ടനമോ പ്രകൃതിദുരന്തമോ ബാധിച്ച സഹജീവികളോടുള്ള കുവൈത്തിന്റെ ആഴത്തിലുള്ള കരുതൽ എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള ദുരിതങ്ങൾ കുറക്കുന്നതിൽ കുവൈത്ത് പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 1963 മേയ് 14 നാണ് 111ാം അംഗമായി കുവൈത്ത് യു.എന്നിൽ ചേർന്നത്. ആഗോള നീതിയെയും രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും സ്വയം നിർണയത്തെ പിന്തുണക്കുന്നതിലൂടെയും കുവൈത്ത് യു.എൻ അംഗങ്ങൾക്കിടയിൽ കഴിവും കാര്യക്ഷമതയും തെളിയിച്ചു. ഫലസ്തീൻ വിഷയം സ്ഥിരമായി ഐക്യരാഷ്ട്രസഭയിൽ ഉയർത്തിക്കൊണ്ടുവന്നു. മാനുഷിക പ്രശ്നങ്ങൾ, യു.എൻ സുരക്ഷ കൗൺസിൽ വികസനം, പ്രതിരോധ നയതന്ത്രത്തിന്റെ പ്രോത്സാഹനം, മധ്യസ്ഥത, സംഘർഷങ്ങൾ തടയൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി.
ഔദ്യോഗിക ഏജൻസികളിലൂടെയും ചാരിറ്റികളിലൂടെയും അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളിൽ കുവൈത്ത് പ്രധാന പങ്കുവഹിച്ചു. കുവൈത്തിന്റെ മഹത്തായ മാനുഷിക സംരംഭങ്ങൾ ആഗോള മാനുഷിക കേന്ദ്രമെന്ന പദവി നൽകാനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.