കുവൈത്ത് സിറ്റി: ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡി.എം.ഡി) അവബോധ ദിനമായി സെപ്റ്റംബർ ഏഴിനെ നിർദേശിച്ച് കുവൈത്ത്. ലോകമെമ്പാടുമുള്ള അപൂർവരോഗങ്ങളാൽ വലയുന്നവരെ സേവിക്കുന്നതിനുള്ള ഒരു ചുവടുവെപ്പായാണ് അവബോധ ദിനം പരിഗണിക്കാനുള്ള കുവൈത്തിന്റെ നിർദേശമെന്ന് യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായി പറഞ്ഞു.
ആഗോള ആരോഗ്യ-വിദേശ നയവുമായി ബന്ധപ്പെട്ട ജനറൽ അസംബ്ലി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തീരുമാനം വെറുമൊരു പ്രചാരണം മാത്രമല്ല, മറിച്ച് ഈ അവസ്ഥയുള്ള ഓരോ കുട്ടിയുടെയും അന്തസ്സും അവകാശങ്ങളും പിന്തുണക്കുന്നതിനുള്ള പ്രതിജ്ഞയാണെന്നും അൽ ബന്നായി പറഞ്ഞു. അവബോധ ദിനം ഡി.എം.ഡിയുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും മെഡിക്കൽ പ്രഫഷനലുകൾക്കും പ്രതീക്ഷയും പ്രോത്സാഹനവും നൽകുമെന്നും പറഞ്ഞു. ഡി.എം.ഡി രോഗത്തെ കുറിച്ച് വേണ്ടത്ര ഗവേഷണം നടത്തിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡി.എം.ഡി എന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി. മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണവും അപകടകാരിയുമായി കാണപ്പെടുന്ന അവസ്ഥയാണിത്. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.