കുവൈത്ത് സിറ്റി: ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തുകഴിയുന്ന പ്രവാസികളുടെ വിസ സ്വയമേവ റദ്ദാക്കുന്ന നടപടി നിലവിൽവന്നു. ഫെബ്രുവരി ഒന്നോടെ പ്രാബല്യത്തിൽവന്ന നിയമപ്രകാരം ഇതിനിടെ 5000ത്തോളം പ്രവാസികളുടെ റസിഡൻസി പെർമിറ്റ് പുതുക്കൽ അപേക്ഷകൾ നിരസിക്കപ്പെട്ടതായാണ് റിപ്പോർട്ട്. താമസരേഖ പുതുക്കാന്‍ ഓണ്‍ലൈനായി നല്കിയ അപേക്ഷകളാണ് തള്ളിയത്.
കുവൈത്ത് റസിഡൻസി നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്തിനുപുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. കോവിഡ് സാഹചര്യത്തിൽ രോഗം പടരുന്നത് ചെറുക്കൽ, വിമാനസർവിസ് റദ്ദാക്കൽ, തൊഴിൽ മേഖലയുടെ അടഞ്ഞുകിടക്കൽ എന്നിവ കണക്കിലെടുത്ത് ഇതിൽ ഇളവ് നൽകിയിരുന്നു. എന്നാൽ, കോവിഡ് ഭീതി ഒഴിഞ്ഞതോടെ നിയമം പുനഃസ്ഥാപിച്ചു.
ഘട്ടങ്ങളായി വിവിധ വിസകളിലുള്ളവർക്ക് രാജ്യത്ത് തിരിച്ചെത്താൻ സമയവും നൽകി. 18ാം നമ്പർ വിസയിലുള്ളവർക്ക് 2022 ഒക്ടോബർ 31 ആയിരുന്നു കുവൈത്തിൽ തിരിച്ചെത്താനുള്ള അവസാന സമയപരിധി. ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് നേരത്തെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു. മറ്റു വിവിധ മേഖലകളിലുള്ളവർക്ക് ഈ വർഷം ജനുവരി 31ായിരുന്നു രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന സമയം.
ഇതിനും ശേഷമുള്ളവരുടെ അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ആറുമാസമായി പുറത്തുള്ളവർ ജനുവരി 31നകം തിരികെ എത്തിയില്ലെങ്കിൽ റസിഡൻസ് പെർമിറ്റ് സ്വയമേവ റദ്ദാകുമെന്നും മറ്റൊരു അവസരം നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. റസിഡൻസ് പെർമിറ്റ് റദ്ദായാൽ പുതിയ നടപടിക്രമങ്ങളും അംഗീകാരങ്ങളും ഇല്ലാതെ രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.