കുവൈത്ത് സിറ്റി: വൈദ്യുതി, ജല നിയമലംഘനങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടി സ്വീകരിച്ച് അധികൃതര്‍. നിയമലംഘനം കണ്ടെത്തിയതിന്റെ ഭാഗമായി ഈ മാസം മുപ്പതിലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായി വൈദ്യുതി-ജല മന്ത്രാലയം ജുഡീഷ്യൽ പൊലീസ് ടീം മേധാവി അഹ്മദ് അൽ ഷമ്മരി പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.
ഫ്യൂസുകളിൽ കൃത്രിമം കാണിക്കൽ, വൈദ്യുതി മോഷണം, ബ്രേക്കറുകളുടെ വലുപ്പം മാറ്റൽ തുടങ്ങിയ നിരവധി തരത്തിലുള്ള ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വൈദ്യുതി നിയമലംഘനങ്ങള്‍ ഗുരുതര കുറ്റമാണെന്നും ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അൽ ഷമ്മരി വ്യക്തമാക്കി.
അതിനിടെ, വൈദ്യുതി-ജല മന്ത്രാലയത്തിലെ രണ്ടു ജീവനക്കാരെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും പൊതുമരാമത്ത് ആക്ടിങ് മന്ത്രിയുമായ ജാസിം അൽ ഒസ്താദ് അഴിമതി വിരുദ്ധ (നസഹ) പബ്ലിക് അതോറിറ്റിയിലേക്ക് റഫർ ചെയ്തു. ഇരുവരുടെയും ലംഘനങ്ങൾ പുറത്തുവന്നയുടൻ രൂപവത്കരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ കൂടി അടിസഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ അൽ ഒസ്താദ് തന്റെ മേൽനോട്ടത്തിലുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ഉദ്യോഗസ്ഥരെ അഴിമതി സംബന്ധിച്ച സംശയങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷനും നസഹക്കും റഫർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.