കുവൈത്ത് സിറ്റി: ഫെബ്രുവരി 20 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുമെന്ന ഇളവ് സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ട്. വ്യോമയാന വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 20 മുതൽ കുത്തിവെപ്പ് എടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുമെന്നും കുത്തിവെപ്പ് എടുത്തവർക്ക് പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ലെന്നുമുള്ള കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ പ്രഖ്യാപനം പ്രവാസികൾക്ക് ഏറെ ആശ്വാസമേകിയിരുന്നു. എന്നാൽ, ഇത് വിദേശികൾക്ക് ബാധകമല്ലെന്ന് വരുന്നത് അവരെ നിരാശപ്പെടുത്തും. വിദേശികൾക്ക് ഇമ്യൂൺ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ്, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, കുവൈത്തിലെത്തിയ ശേഷം ഹോം ക്വാറൻറീൻ അവസാനിപ്പിക്കുന്നതിനുള്ള പി.സി.ആർ പരിശോധന എന്നീ നിബന്ധനകൾ തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ യാത്രാനടപടിക്രമങ്ങൾ വിശദീകരിച്ച് വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചതായും സിവിൽ ഏവിയേഷൻ വൃത്തങ്ങൾ പറയുന്നു. ഞായറാഴ്ച മുതലാണ് മന്ത്രിസഭാതീരുമാനം പ്രാബല്യത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.