കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) ടെക്നോളജീസ് പ്രോഗ്രാം മാനേജർ ഡോ. ഫോതുഹ് അൽ റഖുമിന് യുനൈറ്റഡ് സ്റ്റേറ്റ്സ് അസോസിയേഷൻ ഓഫ് എനർജി എൻജിനീയേഴ്സിന്റെ വിശിഷ്ട സേവന പുരസ്കാരം. ഊർജകാര്യക്ഷമത മേഖലയിലെ ശാസ്ത്രഗവേഷണ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് കെ.ഐ.എസ്.ആർ അറിയിച്ചു. 20 വർഷത്തെ ശാസ്ത്ര ജീവിതത്തിൽ അൽ റഖും നിരവധി പ്രാദേശിക, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സുപ്രധാന ഗവേഷണങ്ങളും സംഭാവനകളും അവർ തുടരുന്നതായും കെ.ഐ.എസ്.ആർ വ്യക്തമാക്കി.
അൽ റഖൂമിനെ മുമ്പ് ശാസ്ത്രജേണലുകളുടെ തലവനായി യുനൈറ്റഡ് സ്റ്റേറ്റ്സ് അസോസിയേഷൻ ഓഫ് എനർജി എൻജിനീയേഴ്സ് (എ.ഇ.ഇ) തിരഞ്ഞെടുത്തിരുന്നു. 2022 ൽ എ.ഇ.ഇ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ അറബ് വനിതയും അസോസിയേഷൻ സ്ഥാപിതമായതിനുശേഷം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന നാലാമത്തെ വനിതയുമാണ് ഡോ. ഫോതുഹ് അൽ റഖും.
100 രാജ്യങ്ങളിൽനിന്നുള്ള 18,000ത്തിലധികം അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് എനർജി എൻജിനീയർമാരുടെ അസോസിയേഷൻ. സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇത് ഏറ്റെടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഊർജ എൻജിനീയറിങ്, ഊർജ മാനേജ്മെന്റ്, പുനരുപയോഗിക്കാവുന്നതും ഇതര ഊർജ മേഖല എന്നിവയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.