കുവൈത്ത് സിറ്റി: എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് ക്വാർട്ടർ മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ഉസ്ബകിസ്താനെ നേരിടും. സാദ് അൽ അബ്ദുല്ല സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ഞായറാഴ്ച അവസാന ഗ്രൂപ് മത്സരങ്ങൾ പൂർത്തിയായി എട്ടു ടീമുകൾ ക്വാർട്ടറിലേക്ക് പ്രവേശനം നേടി. ഗ്രൂപ് എയിൽ നിന്ന് തായ്‍ലൻഡ്, കുവൈത്ത്, ഗ്രൂപ് ബിയിൽനിന്ന് ഉസ്ബകിസ്താൻ, തജികിസ്താൻ, ഗ്രൂപ് സിയിൽനിന്ന് ഇറാൻ, ഇന്തോനേഷ്യ, ഗ്രൂപ് ഡിയിൽനിന്ന് ജപ്പാൻ, വിയറ്റ്നാം എന്നീ ടീമുകളാണ് ക്വാർട്ടർ യോഗ്യത നേടിയത്.
രാത്രി എട്ടിന് കുവൈത്ത് ഉസ്ബകിസ്താനെ നേരിടും. ഇറാൻ- വിയറ്റ്നാം, ജപ്പാൻ-ഇന്തോനേഷ്യ, തായ്‍ലൻഡ്-തജികിസ്താൻ എന്നിങ്ങനെയാണ് മറ്റു മത്സരങ്ങൾ. ക്വാർട്ടർ മത്സരങ്ങളിൽ വിജയിക്കുന്ന നാലു ടീമുകൾ വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടും. ഞായറാഴ്ചയാണ് ഫൈനൽ.
ടൂർണമെന്റിലെ മികച്ച ടീമുകളിലൊന്നായ ഉസ്ബകിസ്താനെ മറികടക്കൽ കുവൈത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഗ്രൂപ് ബിയിൽനിന്ന് ഒരു മത്സരവും തോൽക്കാതെ ഒന്നാം സഥാനക്കാരായാണ് ഉസ്ബകിസ്താൻ ക്വാർട്ടറിൽ ഇടംപിടിച്ചത്. എ.എഫ്.സി ഏഷ്യ കപ്പിൽ നാലുതവണ രണ്ടാം സഥാനത്തെത്തിയ അനുഭവവും ടീമിനുണ്ട്.
അതേസമയം, സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ മുൻതൂക്കം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. ഗ്രൂപ് തലത്തിൽ ഒരു ജയവും രണ്ട് സമനിലയുംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും മികച്ച ടീമുകളെ നേരിട്ട് തോൽവി വഴങ്ങേണ്ടി വന്നില്ല എന്ന ആത്മവിശ്വാസം കുവൈത്തിനുണ്ട്.
കാണികളുടെ മികച്ച പിന്തുണയും ടീമിനുണ്ട്. 2003ലും 2014 ലും നാലാം സ്ഥാനത്ത് എത്തിയതാണ് ഏഷ്യ കപ്പിൽ ഇതുവരെ കുവൈത്തിന്റെ മികച്ച പ്രകടനം. 12 തവണ ജേതാക്കളായ ഇറാനാണ് ചാമ്പ്യൻഷിപ്പിൽ ശക്തമായ ടീമുകളിലൊന്ന്. ജപ്പാൻ മൂന്നുതവണ ജേതാക്കളായിട്ടുണ്ട്. കഴിഞ്ഞ കളികൾ കാണാൻ സ്റ്റേഡിയം നിറഞ്ഞ് കാണികളെത്തിയിരുന്നു. ആരാധകരുടെ ഈ പിന്തുണ ഊർജമാക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ കുവൈത്ത് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.