കുവൈത്ത് സിറ്റി: ചുഴലിക്കാറ്റിൽ അകപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി കുവൈത്ത് വ്യോമസേനയുടെ 13ാമത് ദുരിതാശ്വാസ വിമാനം ശനിയാഴ്ച ലിബിയയിലേക്ക് പുറപ്പെട്ടു. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ലിബിയൻ ജനതയെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനുമായി സഹായ എയർ ബ്രിഡ്ജ് തുടരുകയാണെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അടിയന്തര വിഭാഗം മേധാവി യൂസഫ് അൽ മെരാജ് പറഞ്ഞു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസുകൾ, ഷെൽട്ടർ ആവശ്യങ്ങൾ എന്നിവയാണ് വിമാനങ്ങളിൽ എത്തിക്കുന്നത്. ലിബിയയിലെ ദുരിതബാധിതർക്ക് അടിയന്തര മാനുഷിക സഹായം എത്തിച്ച കുവൈത്ത് വ്യോമസേനയെ യൂസഫ് അൽ മെരാജ് അഭിനന്ദിച്ചു. ലിബിയയോടും ജനങ്ങളോടും കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു. ലിബിയയിലെ മാനുഷിക പ്രതിസന്ധിയുടെ ആഘാതം കുറക്കുന്നതിനും ദുരിതബാധിതരെ സഹായിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനുള്ള കുവൈത്ത് നേതൃത്വത്തിന്റെയും ജനങ്ങളുടെയും നിലപാടിനെയും യൂസഫ് അൽ മെരാജ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.