കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയുടെ ദാരുണമായ അവസ്ഥയിൽ അവർക്ക് സഹായം നൽകുന്നതിനും ബാധ്യത ഏറ്റെടുക്കുന്നതിനും ദ്രുതനടപടി ആവശ്യമാണെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി. വിഡിയോ കോൺഫറൻസിലൂടെ അറബ് റെഡ് ക്രസന്റിന്റെയും റെഡ് ക്രോസിന്റെയും അടിയന്തര യോഗത്തോടനുബന്ധിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹാ അൽ ബർജാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രക്തസാക്ഷികളും മുറിവേറ്റവരുമായി ആയിരക്കണക്കിന് ഫലസ്തീനികളെ വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിക്കാൻ കാരണമായ ഇസ്രായേലി ആക്രമണത്തിന്റെ വെളിച്ചത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ അഭ്യർഥന മാനിച്ചാണ് യോഗം നടന്നതെന്ന് അൽ ബർജാസ് പറഞ്ഞു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുള്ള ഏകോപനം, ഫലസ്തീൻ ജനത അനുഭവിക്കുന്ന ദാരുണമായ അവസ്ഥകൾ കണക്കിലെടുത്ത് സഹായ ശ്രമങ്ങൾ ഇരട്ടിപ്പിക്കുക എന്നിവയും ചർച്ചയായി.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങളെ യോഗം അപലപിച്ചു. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഭക്ഷണവും മെഡിക്കൽ സാമഗ്രികളും വിതരണം ചെയ്ത് ഗസ്സയിൽ അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചതായും അൽ ബർജാസ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.