കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷംമൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് കുവൈത്ത് സഹായം തുടരുന്നു. ദുരിതാശ്വാസ സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) 13ാമത്തെ വിമാനം കഴിഞ്ഞ ദിവസം സുഡാനിലെത്തി. 10 ടൺ സഹായവസ്തുക്കൾ അടങ്ങുന്നതാണ് വിമാനം. സുഡാനുള്ള ദുരിതാശ്വാസ സഹായം കാമ്പയിൻ തുടരുമെന്നും എയർ ബ്രിഡ്ജ് നിലനിർത്തുമെന്നും ആവശ്യമായ സാമഗ്രികൾ ഉറപ്പാക്കുമെന്നും കെ.ആർ.സി.എസ് അധികൃതർ അറിയിച്ചു. കാമ്പയിൻ സുഡാനിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കുറക്കുമെന്നും വ്യക്തമാക്കി.
സർക്കാറുമായി സഹകരിച്ച് കെ.ആർ.സി.എസ് കാമ്പയിന്റെ തുടക്കം മുതൽ സുഡാനിലേക്ക് ദുരിതാശ്വാസ സഹായം അയച്ചിട്ടുണ്ട്. ഭരണ നേതൃത്വത്തിന്റെ നിർദേശപ്രകാരം അടിയന്തര മാനുഷിക പ്രശ്നത്തോടുള്ള കുവൈത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സഹായം. സുഡാൻ ജനതയെ സഹായിക്കുന്നതിനായി ദുരിതാശ്വാസ സഹായ കാമ്പയിന് തുടക്കമിടാൻ സർക്കാർ ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസത്തെ സഹായത്തോടെ കുവൈത്ത് 130 ടൺ സഹായവസ്തുക്കൾ സുഡാനിലെത്തിച്ചു. മരുന്നുകൾ, അടിയന്തര വസ്തുക്കൾ, ഭക്ഷണം, ടെന്റുകൾ, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയവയാണ് സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.