കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാന് കുവൈത്ത് സഹായം തുടരുന്നു. വിവിധ സഹായ വസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള 15ാമത് വിമാനം ഞായറാഴ്ച സുഡാനിലേക്ക് പുറപ്പെട്ടു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) നേതൃത്വത്തിലാണ് സഹായവിതരണം. 10 ടൺ ഭക്ഷണവും മെഡിക്കൽ സാമഗ്രികളുമാണ് അയച്ചത്.
സുഡാനിൽ ആഭ്യന്തര സംഘർഷം ആരംഭിച്ചതിനുശേഷം കുവൈത്ത് 150 ടൺ മാനുഷിക സഹായം അയച്ചതായും സുഡാനിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കെ.ആർ.സി.എസ് മീഡിയ മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. കുവൈത്തിന്റെ മാനുഷിക സംരംഭമായ ‘കുവൈത്ത് ഈസ് ബൈ യുവർ സൈഡ്’ എന്ന പദ്ധതിയുടെ ഭാഗമാണ് സഹായ വിമാനം അയക്കുന്നത്. സുഡാനിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് കൂടുതൽ മാനുഷിക സംഘടനകളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഖാലിദ് അൽ സെയ്ദ് പറഞ്ഞു.
‘ഹെൽപ് സുഡാൻ’ കാമ്പയിനിന്റെ ഭാഗമായി അസോസിയേഷന്റെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ മുൻകൈയെടുക്കാൻ അൽ സെയ്ദ് ആഹ്വാനം ചെയ്തു. വിമാനം അനുവദിച്ചതിന് പ്രതിരോധ മന്ത്രാലയത്തിനും മാനുഷിക ദൗത്യത്തിന്റെ വിജയത്തിന് സംഭാവന നൽകിയ വിദേശകാര്യ, ധനകാര്യ, ആരോഗ്യമന്ത്രാലയങ്ങൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.
സൈന്യവും അർധസൈനിക സേനയും തമ്മിലുള്ള പോരാട്ടം നടക്കുന്ന സുഡാനിലെ ജനങ്ങളുടെ പ്രയാസങ്ങൾ കുറക്കാൻ അടിയന്തരമായി ഇടപെടാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശിച്ചിരുന്നു. തുടർന്ന് കുവൈത്ത് സുഡാനിലേക്ക് എയർ ബ്രിഡ്ജ് സ്ഥാപിക്കുകയും സഹായവിതരണം ആരംഭിക്കുകയും ചെയ്തു. സുഡാനിലേക്ക് അടിയന്തര ഭക്ഷണവും വൈദ്യസഹായവും അയക്കാൻ കുവൈത്ത് മന്ത്രിയും തീരുമാനമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.