കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ അസ്ഥിരതയുടെ അന്തരീക്ഷത്തിൽ എല്ലാവരും ഉറ്റുനോക്കിയത് കുവൈത്ത് അമീറിെൻറ സമാധാന ശ്രമങ്ങളെ. 87 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ സമാധാന ദൂതുമായി പറന്നുനടക്കുന്ന ഇൗ വെള്ളരിപ്രാവിനെ ലോകം പ്രശംസ കൊണ്ട് മൂടുകയാണ്. ഇതാദ്യമായല്ല കുവൈത്ത് അമീർ വിവിധ രാഷ്ട്രങ്ങൾക്കിടയിലെ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നത്. സൗദി, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ 2014ലും ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. അന്നും സമദൂര നിലപാടായിരുന്നു കുവൈത്ത് സ്വീകരിച്ചത്.
അതേവർഷം കുവൈത്തിൽ ചേർന്ന അറബ് ലീഗ് ഉച്ചകോടിയിൽ സൗദി കിരീടാവകാശിയെയും ഖത്തർ അമീറിനെയും ഹസ്തദാനം ചെയ്യിച്ചാണ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹ് പിണക്കം മാറ്റിയത്. പൊതുവെ ഇത്തരം വിഷയങ്ങളിൽ കുവൈത്ത് പുലർത്തിപ്പോരുന്ന സമദൂര നിലപാടുകൾ ജി.സി.സി ഐക്യത്തിന് കരുത്തുപകർന്നിട്ടുണ്ട്. അംഗരാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടക്കം മുതലേ മധ്യസ്ഥശ്രമങ്ങളുമായി കുവൈത്ത് മുന്നിലുണ്ടായിരുന്നു. യമൻ, സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അമീറിെൻറ നേതൃത്വത്തിൽ നടത്തുന്ന മധ്യസ്ഥശ്രമങ്ങളും അന്താരാഷ്ട്ര പ്രശംസ നേടിയതാണ്. 2014 സെപ്റ്റംബർ ഒമ്പതിന് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ മാനുഷിക സേവനത്തിെൻറ ലോകനായക പട്ടം നൽകി ആദരിച്ചു. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആണ് പ്രഖ്യാപനം നടത്തിയത്.
രാജ്യവും മതവും ഭാഷയും വർണവും നോക്കാതെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താൽപര്യം പരിഗണിച്ചാണ് കുവൈത്ത് അമീറിന് ഈ നായക പട്ടം നൽകുന്നതെന്ന് ചടങ്ങിൽ ബാൻ കി മൂൺ വ്യക്തമാക്കിയിരുന്നു. 1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസത്തിനുശേഷം തിരിച്ചെത്തിയപ്പോൾ 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തിെൻറ മേധാവിയായ അദ്ദേഹത്തിെൻറ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്കാരിക പ്രസിദ്ധീകരണമായ ‘അൽഅറബി’ തുടങ്ങിയത്. 1962ൽ ഇൻഫർമേഷൻ മന്ത്രിയായി സ്ഥാനമേറ്റാണ് ആദ്യമായി ഭരണരംഗത്തേക്ക് വരുന്നത്. 63ൽ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയിൽ തുടർന്നു.
ലോകത്തുതന്നെ ഇത്രകാലം തുടർച്ചയായി വിദേശകാര്യമന്ത്രിയായിരുന്ന മറ്റൊരാളില്ലെന്നാണ് കരുതപ്പെടുന്നത്. 2003ൽ പ്രധാനമന്ത്രി പദവിയിലേക്ക് ഉയർത്തപ്പെട്ടു.
2006ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറുകയും ചെയ്തു. സമാധാന ചർച്ചകൾക്കായി സൗദിയിലേക്ക് പോയ അമീർ ബുധനാഴ്ച കുവൈത്തിൽ തിരിച്ചെത്തി. ഇവിടെനിന്ന് യു.എ.ഇയിലേക്കും തുടർന്ന് ഖത്തറിലേക്കും പോവുമെന്നാണ് റിപ്പോർട്ടുകൾ. ലോക നേതാക്കളിൽ നന്മയുള്ള കാരണവരുടെ സ്ഥാനമാണ് ശൈഖ് സബാഹിന്. സഹോദരങ്ങൾ തമ്മിൽ പിണങ്ങുേമ്പാൾ കാരണവർക്ക് വിശ്രമിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.