കുവൈത്ത് സിറ്റി: ലോകം സ്തംഭിച്ചുനിന്ന കോവിഡ് കാലം. ഓക്സിജൻ സിലിണ്ടറുകളുടെ അഭാവത്തിൽ വൻദുരന്തത്തെ മുന്നിൽ കണ്ട നിമിഷത്തിൽ ഇന്ത്യക്ക് ജീവവായു നൽകിയ രാജ്യമാണ് കുവൈത്ത്. വൻതോതിൽ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും കുവൈത്ത് ഇന്ത്യയിലേക്കയച്ചു. വിമാന-കപ്പൽ മാർഗം കുവൈത്തിൽനിന്ന് എത്തിയ ഓക്സിജനാണ് ഇന്ത്യക്ക് വലിയ സഹായമായത്.
ഓക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുവീണ ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സഹായം അയച്ച രാജ്യങ്ങളിലൊന്നും കുവൈത്ത് ആയിരുന്നു. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഇടപെടൽ ഇതിൽ നിർണായകമായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്തിൽ സംഭാവന കാമ്പയിൻ ആരംഭിക്കുകയും സഹായശേഖരണത്തിന് പ്രത്യേക ഓഫിസ് തുറക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അമീറിന്റെ വിയോഗത്തെക്കുറിച്ച് അറിയുന്നതിൽ അഗാധമായ ദുഃഖമുണ്ട്. കുവൈത്തിലെ രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായും നരേന്ദ്ര മോദി സമൂഹമാധ്യമായ ‘എക്സിൽ’ കുറിച്ചു. അമീറിനോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ ദിവസം പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദപരിപാടികളും ഈ ദിവസം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.