കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫിസുകളിൽ സേവനങ്ങൾക്ക് അപ്പോയ്ൻമെൻറ് സംവിധാനം ഏർപ്പെടുത്തി. ബുധനാഴ്ച മുതൽ ഇത് പ്രാബല്യത്തിലായി. https://meta.e.gov.kw/en/ എന്ന ഏകീകൃത വെബ്സൈറ്റിലൂടെയാണ് എല്ലാ സർക്കാർ വകുപ്പുകളിലും സന്ദർശകർക്ക് അപ്പോയ്ൻമെൻറ് നൽകുന്നത്. സർക്കാർ ഓഫിസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്ന മന്ത്രിസഭ നിർദേശവും ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. സ്വകാര്യ സ്ഥാപനങ്ങളോട് കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്ക് തോത് നിശ്ചയിച്ചുനൽകിയിട്ടില്ല. ജോലി നടക്കാൻ ആവശ്യമായ മിനിമം ആളുകളെവെച്ച് പ്രവർത്തിക്കാനാണ് നിർദേശം. കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് മന്ത്രിസഭ കർശന നടപടികളിലേക്ക് കടന്നത്. സർക്കാർ വകുപ്പുകളുടെ ആഭ്യന്തര യോഗങ്ങൾ, കോൺഫറൻസുകൾ, കോഴ്സുകൾ എന്നിവ ഓൺലൈനാക്കിയിട്ടുണ്ട്. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ ജീവനക്കാരും സന്ദർശകരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണമെന്ന് അധികൃതർ വ്യക്തമാക്കി. നഴ്സറി ജീവനക്കാർ വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധന വെച്ചതിനൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നും നിർദേശിച്ചു. ബസുകളിൽ 50 ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളൂവെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.