കുവൈത്ത് സിറ്റി: അൽജീരിയയിൽ നടക്കുന്ന 15ാമത് അറബ് ഗെയിംസിൽ കുവൈത്തിന് രണ്ട് മെഡലുകൾ കൂടി. ഫെൻസിങ് ഇനത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.പുരുഷന്മാരുടെ വ്യക്തിഗത ഫെൻസിങ് മത്സരത്തിൽ അലി അൽ നാസർ വെള്ളിയും അലി ഫാദൽ വെങ്കല മെഡലും നേടിയാണ് രാജ്യത്തെ അടയാളപ്പെടുത്തിയത്. ഇതോടെ കുവൈത്തിന്റെ ആകെ മെഡൽ നേട്ടം മൂന്ന് വെള്ളിയും മൂന്നുവെങ്കലവുമടക്കം ആറായി.
ആദ്യദിനത്തിൽ കുവൈത്ത് താരങ്ങളായ യാക്കൂബ് അൽ യോഹയും ഇസ അൽ സങ്കാവിയും വെള്ളി മെഡലുകൾ നേടി. വനിതകളുടെ അത്ലറ്റിക്സിൽ മദാവി അൽ ഷമ്മരി വെങ്കലം കരസ്ഥമാക്കിയിരുന്നു. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിലാണ് ഇസ അൽ സങ്കാവി വെള്ളിമെഡൽ നേട്ടം കൊയ്തത്.
വനിതകളുടെ 100 മീറ്റർ സ്പ്രിന്റിൽ മദാവി ഷമ്മരി വെങ്കലം നേടി. രണ്ടാം ദിനത്തിൽ ജാവലിൻ ത്രോയിൽ അബ്ദുൽ റഹ്മാൻ അൽ അസ്മി വെങ്കലം നേടി. കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ജനറലും അറബ് ഗെയിംസിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിന്റെ തലവനുമായ റിട്ട. മേജർ ജനറൽ മുഹമ്മദ് സയീദ് അൽ ഖൽഫാൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളെ സന്ദർശിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൽ കരീം അൽ ഷംലാനും കൂടെയുണ്ടായിരുന്നു. ജൂലൈ 15വരെ നടക്കുന്ന അറബ് ഗെയിംസിൽ 22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്നുണ്ട്. ആറ് വ്യത്യസ്ത കായിക ഇനങ്ങളിലായി കുവൈത്തിൽനിന്നുള്ള 32 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.