കുവൈത്ത് സിറ്റി: പ്രവാസ ലോകത്തെ ആതുരസേവന മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന കുവൈത്തിലെ പ്രതിഭകൾക്ക് ഗൾഫ് മാധ്യമം ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, സിറ്റി ക്ലിനിക്ക് ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ് കെ.പി എന്നിവരാണ് കുവൈത്തിൽ നിന്ന് പുരസ്കാരത്തിന് അർഹരായവർ. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ‘കമോൺ കേരള’ ആറാം എഡിഷൻ സമാപന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു അവാർഡ് വിതരണം.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ജമാൽ ബു സിൻജലാൽ, സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലസി എന്നിവർ അവാർഡുകൾ കൈമാറി. മുസ്തഫ ഹംസയും, നൗഷാദ് കെ.പിക്ക് വേണ്ടി സിറ്റിക്ലിനിക് ഗ്രൂപ് ജനറൽ മാനേജർ കെ.പി. ഇബ്രാഹീമും അവാർഡുകൾ ഏറ്റുവാങ്ങി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 13 ബിസിനസ് പ്രമുഖർക്കാണ് പുരസ്കാരം സമ്മാനിച്ചത്. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം.സാലിഹ്, സംവിധായകനും തിരക്കഥാകൃത്തുമായ സലീം അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുവൈത്തിലെ ഏറ്റവും ജനകീയമായ ആതുരകേന്ദ്രം എന്ന നിലക്ക് അറിയപ്പെടുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രവർത്തനമികവ് മുൻനിർത്തിയാണ് അറേബ്യൻ ലെഗസി അച്ചീവ്മെൻറ് പുരസ്കാരം മുസ്തഫ ഹംസയെ തേടിയെത്തിയത്. ഷാർജയിൽ സമാപിച്ച കമോൺ കേരള മേളയിൽ വിപുലമായ സ്റ്റാളും മെട്രോ മെഡിക്കൽ ഗ്രൂപ് ഒരുക്കിയിരുന്നു. സാധാരണക്കാർക്ക് പ്രാപ്യമായ വിധത്തിൽ ഏറ്റവും മികച്ച വൈദ്യസേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവാർഡ് സ്വീകരിച്ച് മുസ്തഫ ഹംസ പറഞ്ഞു.
കുവൈത്തിലെ ആദ്യ ഇന്ത്യൻ ക്ലിനിക്ക് എന്ന നിലയിൽ പ്രവാസികളുടെ ജീവിതത്തെ മാറ്റിമറിച്ചതും കാഴ്ചപ്പാടും അർപ്പണബോധവും കൊണ്ട് ആതുരസേവനത്തെ ജനകീയമാക്കിയും മുൻനിർത്തിയാണ് സിറ്റി ക്ലിനിക്ക് ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ് കെ.പിക്ക് അവാർഡ്. ഇദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ആയിരക്കണക്കിന് ആളുകൾക്ക് അനുകമ്പയും പ്രൊഫഷനൽ പരിചരണവും നൽകിക്കൊണ്ട് ആരോഗ്യ സംരക്ഷണ ലഭ്യതയിലെ വിടവുകൾ നികത്തി. ഗുണമേന്മയുള്ള വൈദ്യസഹായം ഉറപ്പാക്കി മുന്നോട്ടു പോകുമെന്ന് നൗഷാദ് കെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.