കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് അടുത്തിടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാഗ്രതാ നിർദേശം.
ട്രാഫിക് പിഴകൾ അടക്കൽ സര്‍ക്കാര്‍ അംഗീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയോ മാത്രമാണ്. അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ നിന്ന് മന്ത്രാലയം ആർക്കും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നിെല്ലന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അയച്ച നമ്പറിന്റെ വിശ്വാസ്യത പരിശോധിച്ച് മാത്രമേ പ്രതികരിക്കാവൂ എന്ന് പൊതുജനങ്ങളോട് മന്ത്രാലയം മുന്നറിയിപ്പു നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവര്‍ സഹൽ ആപ്പിലെ ‘അമാൻ’ സേവനം ഉപയോഗിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഉണർത്തി.
ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് വിവിധ പിഴകൾ അടക്കാനുണ്ട് എന്നതരത്തിൽ സന്ദേശങ്ങൾ അയക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത് വിശ്വസിക്കുന്നവർ വ്യാജമെന്നറിയാതെ പണം കൈമാറും. പിന്നീടാകും വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുക.
നേരത്തേ വൈദ്യുതി-ജല മന്ത്രാലയത്തിന്റെ പേരിലും പിഴയടക്കണം എന്നാവശ്യപ്പെട്ട് പലർക്കും എസ്.എം.എസ് സന്ദേശങ്ങൾ ലഭിച്ചിരുന്നു. എല്ലാ സന്ദേശങ്ങളുടെയും ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ സൂക്ഷിക്കണം. വിവിധ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുസംഘം ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.