കുവൈത്ത് സിറ്റി: വിവിധ കേസുകളിൽ ഉൾപ്പെടുന്നവർ അതിൽനിന്ന് മുക്തരാകുന്നതുവരെ രാജ്യംവിടുന്നത് തടയൽ കർശനമാക്കി അധികൃതർ. തർക്കങ്ങളിലോ എമിഗ്രേഷൻ ലംഘനങ്ങളിലോ ഉൾപ്പെട്ട വ്യക്തികൾ പ്രശ്നം പരിഹരിക്കുന്നതുവരെ രാജ്യംവിടുന്നതിന് നിലവിൽ വിലക്കുണ്ട്. ഇതിനൊപ്പം ഗതാഗത പിഴ, ജല-വൈദ്യുതി കുടിശ്ശിക, ടെലിഫോൺ ബിൽ കുടിശ്ശിക തുടങ്ങി വിവിധ തുകകൾ അടച്ചു തീർക്കാതെയും രാജ്യംവിടാനാവില്ല. വിമാനത്താവളത്തിലും അതിർത്തി ചെക് പോയന്റുകളിലും ഇവ പരിശോധിക്കാനായുള്ള സംവിധാനങ്ങളുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്ര നിരോധന വകുപ്പിന്റെ സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ 43,289 പേർക്കാണ് വിദേശയാത്ര നിരോധനം വന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടുന്നതാണ് ഈ കണക്ക്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കുടുംബ കോടതി 2,825 യാത്ര നിരോധന നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുകയും ഈവർഷം ജനുവരി മുതൽ ജൂൺ വരെ 2,672 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
മേയ് മാസത്തിൽ 9,021-ഉം ഫെബ്രുവരിയിൽ 9,006-ഉം പേർക്ക് യാത്ര നിരോധനം വന്നു. മാർച്ചിൽ- 7,249, ജനുവരിയിൽ- 6,642, ജൂണിൽ- 5,843, ഏപ്രിൽ-5,528 എന്നിങ്ങനെയാണ് മാസം തിരിച്ചുള്ള യാത്ര നിരോധന കണക്ക്. ടെലിഫോൺ, വൈദ്യുതി, വാട്ടർ ബില്ലുകൾ എന്നിവയിലെ കുടിശ്ശികയാണ് യാത്ര നിരോധനത്തിനുള്ള പൊതു കാരണങ്ങളാണെന്ന് നിയമ സ്രോതസ്സുകൾ വ്യക്തമാക്കി. കുടിശ്ശികയുള്ള ചെക്കുകൾ, ബാങ്ക് കടങ്ങൾ, കാലഹരണപ്പെട്ട വാടക, കുടുംബകോടതി കേസുകളുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവയാണ് മറ്റ് കാരണങ്ങൾ.
ജനുവരിയിലും ഫെബ്രുവരിയിലും അൽ അഹമ്മദി ഗവർണറേറ്റിൽ 4,321 യാത്ര നിരോധനം രേഖപ്പെടുത്തി. ഫർവാനിയ- 3,641, ഹവല്ലി- 2,452, ജഹ്റ- 2,381, കുവൈത്ത് സിറ്റി- 1,757, മുബാറക് അൽ കബീർ 1,096 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.