കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തു തുടങ്ങിയതോടെ തീപിടിത്തം വർധിക്കുന്നു. കടുത്ത ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ കെട്ടിടങ്ങൾക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങൾ തുടങ്ങിയിട്ടുണ്ട്.
വേനൽക്കാലത്ത് തീപിടിത്തങ്ങൾ പെരുകുന്ന പതിവുകാഴ്ച തന്നെയാണ് ഇത്തവണയും. ഉയർന്ന അന്തരീക്ഷ ഈഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക താരതമ്യേന പ്രയാസകരമാണ്.
കൊടും ചൂടിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്തുക്കൾ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തീപിടിത്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ശുവൈഖ് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. അഞ്ച് യൂനിറ്റ് അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളിയാഴ്ച തന്നെ ജലീബിനടുത്ത് കാറിന് തീപിടിച്ചു. വ്യാഴാഴ്ച സാൽമിയയിൽ നിർത്തിട്ട അഞ്ച് കാറുകളാണ് കത്തിനശിച്ചത്. കഴിഞ്ഞമാസം മൂന്ന് തവണ ടയർ കൂമ്പാരത്തിന് തീപിടിച്ചു. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. കുവൈത്ത് അഗ്നിശമന സേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. തീപിടിത്തം വ്യാപകമാവുന്നതോടെ ഇനി അഗ്നിശമന സേനക്ക് ആ മേഖലയിൽ ജാഗ്രതപുലർത്തി കാത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.