കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഫ്രഞ്ച് കമ്പനിയുമായി (സ്റ്റെറല) കരാർ ഒപ്പിട്ടു. ഏകദേശം 6.2 മില്യൺ ദീനാർ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവിയും സ്റ്റെറല സി.ഇ.ഒ റോബർട്ട് ബുസ്കെറ്റും ആണ് കരാർ ഒപ്പിട്ടത്. 1,095 ദിവസത്തെ പൂർത്തീകരണ കാലയളവും തുടർന്ന് നാലു വർഷത്തെ വാറന്റിയും അറ്റകുറ്റപ്പണിയും കരാറിൽ ഉൾപ്പെടുന്നതായി ഡി.ജി.സി.എ പ്ലാനിങ് ആന്റ് പ്രോജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി പറഞ്ഞു.
രാജ്യത്തിന്റെ ആകാശ, സമുദ്ര നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിക്കൽ ലക്ഷ്യമിട്ടാണ് പദ്ധതി. ഊഷ്മാവ്, കാറ്റിന്റെ ദിശയുടെ വേഗത, ഈർപ്പം, വായുവിന്റെ ഗുണനിലവാരം, വേലിയേറ്റം, കടൽ താപനില എന്നിവ പോലുള്ള കാലാവസ്ഥാ വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനമാണ് ഇത്.
രാജ്യത്തുടനീളമുള്ള 38 കര, കടൽ സ്റ്റേഷനുകൾ വഴി സിസ്റ്റം ഈ ഡേറ്റകൾ കൈമാറും. വ്യോമ, സമുദ്ര നാവിഗേഷന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കുമായാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.