കുവൈത്ത് സിറ്റി: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ അഭയാർഥി ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) പ്രവർത്തനം നിരോധിച്ച ഇസ്രായേൽ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത് നിസ്സഹായരായ ഫലസ്തീൻ അഭയാർഥികൾക്കുള്ള സേവനങ്ങളും മാനുഷിക സഹായവും പിന്തുണയും നൽകാനുള്ള ഏജൻസിയുടെ കഴിവിനെ പരിമിതപ്പെടുത്തുമെന്ന് കുവൈത്ത് വ്യക്തമാക്കി.
സംഘർഷസാഹചര്യങ്ങളിൽ യുദ്ധത്തിന്റെ ഒരു രീതിയായി സാധാരണക്കാരെ പട്ടിണിക്കിടുന്നതിനെ അപലപിക്കുന്നു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, വിവിധ അന്താരാഷ്ട്ര പ്രമേയങ്ങൾ, സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമായാണ് കുവൈത്ത് പരിഗണിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീൻ ജനതക്കെതിരെ നടക്കുന്ന വംശഹത്യ തടയുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഇടപെടണമെന്ന് യു.എൻ സുരക്ഷ കൗൺസിലിനോട് കുവൈത്ത് ആവശ്യപ്പെട്ടു. പ്രതിരോധമില്ലാത്ത ഫലസ്തീനികൾക്കെതിരെ ചെയ്യുന്ന വ്യവസ്ഥാപിത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽനിന്ന് ഇസ്രായേലിനെ ഒഴിവാക്കാനാവില്ലെന്നും സൂചിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ചേർന്ന ഇസ്രായേൽ പാർലമെന്റാണ് മൂന്നു മാസ പരിധി നിശ്ചയിച്ച് യു.എൻ.ആർ.ഡബ്ല്യു.എക്ക് വിലക്ക് ഏർപ്പെടുത്തിയത്. സംഘടനയെ ഭീകരപ്പട്ടികയിൽ പെടുത്തുന്ന ബില്ലും പാർലമെന്റ് പാസാക്കി.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും യു.എൻ.ആർ.ഡബ്ല്യു.എക്ക് കീഴിൽ സ്കൂളുകൾ, ക്ലിനിക്കുകൾ എന്നിവ ഉണ്ട്. സംഘടന ആസ്ഥാനവും ഈ സ്കൂളുകളും ക്ലിനിക്കുകളും ഇതോടെ അടച്ചുപൂട്ടേണ്ടിവരും.
1948ൽ ഇസ്രായേൽ പ്രഖ്യാപനത്തിന് പിറകെ നടന്ന കൂട്ടക്കൊലയെ തുടർന്ന് ഏഴു ലക്ഷം ഫലസ്തീനികൾ അഭയാർഥികളായതിന് പിറകെയാണ് സംഘടന നിലവിൽ വന്നത്.
സിറിയ, ലബനാൻ, ജോർഡൻ രാജ്യങ്ങളിലും ഇത് പ്രവർത്തിക്കുന്നുണ്ട്. 30,000 ജീവനക്കാരുമായി 60 ലക്ഷം ഫലസ്തീനികൾക്ക് സംഘടന അവശ്യസേവനങ്ങൾ നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.