കുവൈത്ത് സിറ്റി: തെരുവിലും മൈതാനത്തും തനിച്ചു നടക്കുന്നവർ ശ്രദ്ധിക്കുക. അടുപ്പം പ്രകടിപ്പിച്ച് എത്തുന്നവർ നിങ്ങളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് രക്ഷപ്പെടാം. ഫർവാനിയ ഭാഗങ്ങളിൽനിന്ന് നിരവധി പേർക്കാണ് അടുത്തിടെ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്.
സംസാരത്തിനിടെ ആളുകളുടെ ശ്രദ്ധ മാറ്റിയാണ് തട്ടിപ്പ് സംഘം മോഷണം നടത്തുന്നത്. ഇതിനാൽ ആ സമയം തട്ടിപ്പ് മനസ്സിലാകില്ലന്ന് പണം നഷ്ടപ്പെട്ട മലയാളി പറഞ്ഞു.
രണ്ടു തവണയാണ് ഇദ്ദേഹത്തിൽനിന്ന് പണം തട്ടാൻ ശ്രമം നടന്നത്. നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ ദേഹത്തുതട്ടിയതാണ് ആദ്യ സംഭവം. എന്നാൽ, ഇതിനിടെ പണം നഷ്ടപ്പെട്ടിരുന്നു.
മുറിയിൽ മറന്നുവെച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പണം കവർന്നതായി ബോധ്യപ്പെട്ടത്. മറ്റൊരിക്കൽ ഒരാൾ തുപ്പൽ ദേഹത്ത് തെറിപ്പിക്കുകയും തുടച്ചുതരാൻ സമീപിക്കുകയും ചെയ്തു. അപകടം തിരിച്ചറിഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ശ്രദ്ധ തിരിക്കാൻ വേണ്ടി ശരീരത്തിലേക്ക് തുപ്പുകയും അത് ടിഷ്യൂപേപ്പർ കൊണ്ട് തുടക്കുകയും മറ്റൊരാൾ വന്ന് പണം വിദഗ്ധമായി കവരുന്നതുമാണ് രീതി.
ഇതേരീതിയിൽ ഒരാളിൽനിന്ന് അടുത്തിടെ 2000 ദീനാറും കവർന്നു. ഇത്തരത്തിലുള്ള ധാരാളം കേസുകളാണ് അടുത്തിടെ ഉണ്ടായത്. നിരവധി പേരുടെ പഴ്സും പൈസയും മറ്റു രേഖകളും നഷ്ടപ്പെട്ടു.
തട്ടിപ്പ് സംഘത്തിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നും ഒരാൾ ശ്രദ്ധ മാറ്റുന്ന സമയത്ത് മറ്റുള്ളവർ മോഷണം നടത്തുകയുമാണെന്നാണ് സൂചന.
പരിചയമില്ലാത്ത ആൾ ദേഹത്തേക്ക് തുപ്പുകയോ ശരീരത്തിൽ തട്ടുകയോ കെട്ടിപ്പിടിക്കുകയോ കൂടുതൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കി ഒഴിഞ്ഞുമാറുകയും കൈയിലുള്ള പണം സൂക്ഷിക്കുകയും വേണം. അതിനിടെ, പണം നഷ്ടപ്പെട്ട ഒരാൾ മോഷ്ടാവെന്ന് കരുതുന്നയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.