കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വിൽപനക്കാർക്കും കള്ളക്കടത്തുകാർക്കുമെതിരെ കർശന നടപടി തുടരുന്നു. കടൽമാർഗം രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സുരക്ഷാസംഘങ്ങളുടെ സംയുക്ത ശ്രമത്തിൽ പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശങ്ങളെ തുടർന്നാണ് നടപടി.
വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയിട്ടുണ്ടെന്നും കുബ്ബാർ ദ്വീപിൽ ഇത് കുഴിച്ചിടുമെന്നും സൂചിപ്പിക്കുന്ന വിവരം നാർകോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന് ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണങ്ങൾ ഊർജിതമാക്കി വിവരങ്ങൾ ശേഖരിച്ചു. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പ്രത്യേക സുരക്ഷസേനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ, പൊലീസ് ഏവിയേഷൻ വിങ്ങിന്റെ അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ഏകോപനം ശക്തമാക്കുകയും ചെയ്തു.
നിരീക്ഷണത്തിനിടെ കുവൈത്ത് സമുദ്രാതിർത്തിക്ക് പുറത്തുനിന്ന് ഒരു ബോട്ട് വരുന്നത് ശ്രദ്ധയിൽപെട്ടു. ബോട്ട് കുബ്ബാർ ദ്വീപിലെത്തുന്നതുവരെ നിരീക്ഷിക്കുകയും തുടർന്ന് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ബോട്ടും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറു പേരിൽനിന്നായി 20 ബാഗുകൾ കണ്ടെത്തി. പരിശോധനയിൽ അര ടണ്ണിലധികം (500 കിലോഗ്രാം) ഹഷീഷ് കണ്ടെത്തി. ഏകദേശം ഒന്നര ദശലക്ഷം കുവൈത്ത് ദീനാർ മൂല്യം വരുന്നതാണിത്. വിൽപനക്കും ദുരുപയോഗത്തിനുമായി എത്തിച്ചതാണ് മയക്കുമരുന്നുകളെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. കൂടുതൽ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.