കുവൈത്ത് സിറ്റി: സർക്കാറിന്റെയും ദേശീയ അസംബ്ലിയുടെയും പരസ്പര ഐക്യം രാജ്യത്തിന് നൽകുന്നത് ശുഭസൂചന. സർക്കാർ ആവിഷ്കരിച്ച 2023-2027 വർഷത്തെ കർമപദ്ധതി കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കുകയും എം.പിമാരുടെ നിർദേശങ്ങളോടെ അംഗീകാരം നൽകുകയും ചെയ്തു.
രാജ്യത്തിന്റെ സർവതോന്മുഖ വികസനം ലക്ഷ്യമിട്ടുള്ള നാലുവർഷ കർമപദ്ധതി 107 പ്രധാന പ്രോജക്ടുകൾ ഉൾപ്പെടുന്നതാണ്. ഇതിനൊപ്പം മുൻ വികസന പദ്ധതികൾക്കുകൂടി വേഗം കൈവന്നാൽ വരുംവർഷങ്ങളിൽ വൻ മാറ്റത്തിന് കുവൈത്ത് സാക്ഷിയാകും. കുവൈത്തിനെ പ്രാദേശിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുക എന്നത് പ്രധാന ലക്ഷ്യമാണ്.
രാജ്യത്തെ സാമ്പത്തിക, സാമൂഹിക, വിനോദ, മാനവ വിഭവശേഷി, തൊഴിൽ മേഖലകളിൽ ഉണർവിന് ഇത് കാരണമാകും. വിമാനത്താവളം പൂർത്തീകരണം, റോഡുകളുടെ അറ്റകുറ്റപ്പണികൾ, മുബാറക് അൽ കബീർ കണ്ടെയ്നർ ഹാർബർ പൂർണതയിൽ പ്രവർത്തിപ്പിക്കൽ എന്നിവയും പ്രധാന പദ്ധതികളാണ്.
വിമാനത്താവളം വാതിലാകും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ പാസഞ്ചർ ടെർമിനൽ തുറക്കുന്നതോടെ രാജ്യത്തേക്കുള്ള രാജ്യത്തിന്റെ മുഖം മാറും. ടെർമിനലിന് പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. 51 ബോർഡിങ് ഗേറ്റുകളും എയർക്രാഫ്റ്റ് പാർക്കിങ് സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു.
21 വൻ വിമാനങ്ങളും 380 ചെറുവിമാനങ്ങളും ഒരേസമയം ഉൾക്കൊള്ളാനും വിമാനത്താവളത്തിന് കഴിയും. ടെർമിനൽ പരിസ്ഥിതി സൗഹൃദവും ഊർജ കാര്യക്ഷമവുമായിരിക്കും. കെട്ടിടം പ്രവർത്തിപ്പിക്കുന്നതിന് സൗരോർജം ഉൽപാദിപ്പിക്കുന്നതിനുള്ള ഫോട്ടോവോൾട്ടെയ്ക് പാനലുകളും മേൽക്കൂരയിൽ സജ്ജീകരിക്കും.
മുബാറക് അൽ കബീർ തുറമുഖം
മുബാറക് അൽകബീർ തുറമുഖത്തിന്റെ വികസനം പൂർത്തീകരിക്കാനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. തുറമുഖ വികസന നിർമാണപ്രവർത്തന പുരോഗതി വിലയിരുത്താൻ ഉപപ്രധാനമന്ത്രിയെയും സാമ്പത്തികകാര്യ, നിക്ഷേപ സഹമന്ത്രിയെയും സിൽക്ക് സിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സുബിയ), ബൗബിയൻ ദ്വീപ് എന്നിവയുടെ സൂപ്പർവൈസർമാരെയും ചുമതലപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചിരുന്നു.
മുബാറക് അൽകബീർ തുറമുഖത്ത് ആദ്യഘട്ടത്തിൽ 1.8 ദശലക്ഷം കണ്ടെയ്നറുകളും രണ്ടാംഘട്ടത്തിൽ 2.7 ദശലക്ഷം കണ്ടെയ്നറുകളും മൂന്നാം ഘട്ടത്തിൽ 3.6 ദശലക്ഷം കണ്ടെയ്നറുകളും സ്വീകരിക്കാനുള്ള ശേഷിയുണ്ടാകും. പ്രധാന ഹൈവേകൾ, റെയിൽവേ എന്നിവ തുറമുഖവുമായി ബന്ധിപ്പിക്കും. 2007 മുതൽ ചർച്ചയിലുള്ള പദ്ധതിയാണിത്.
ഗതാഗതസൗകര്യം മെച്ചപ്പെടും
പുതിയ റോഡുകൾ, പാലങ്ങൾ എന്നിവയുടെ രൂപകൽപന, നടപ്പാക്കൽ എന്നിവ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മഴയിൽ തകർന്ന റോഡുകൾ വൈകാതെ പുനർനിർമിക്കും. ജി.സി.സി രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര റോഡ് ഗതാഗതത്തിന്റെ ഏകീകൃത സംവിധാനവും വൈകാതെ നിലവിൽ വരും. ഇതിനുള്ള കരട് നിയമത്തിന്റെ നിയമകാര്യ മന്ത്രിതല സമിതിയുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ഗതാഗത സംവിധാനത്തിന് വേഗം കൂട്ടുന്ന ആഭ്യന്തര റെയിൽപാത നടപടികൾക്കും ജീവൻ വെച്ചിട്ടുണ്ട്. പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ക്കായി സെൻട്രൽ ഏജൻസിയുടെ അനുമതി തേടിയതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കണ്‍സൾട്ടന്‍സി പഠനവും രൂപരേഖയുമാണ് ആദ്യഘട്ടമായി തയാറാക്കുക. ഇതിന് അനുമതി കിട്ടിയാൽ തുടർപ്രവർത്തനങ്ങൾ ആരംഭിക്കും.
കായികരംഗം കുതിക്കും
വിവിധ ഗവർണറേറ്റുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിർമാണം സർക്കാർ കർമപദ്ധതിയിലെ യുവജനങ്ങളെ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികളാണ്. 15,000 കാണികളെ ഉൾക്കൊള്ളാവുന്ന സുലൈബിഖാത്ത് സ്റ്റേഡിയം ഈ വർഷം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
14,000 കാണികളെ ഉൾക്കൊള്ളാവുന്ന ഫഹാഹീൽ സ്റ്റേഡിയം അടുത്ത വർഷം തുറക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 15,000 കാണികളെ ഉൾക്കൊള്ളാവുന്ന ഷദാദിയ യൂനിവേഴ്സിറ്റി സ്റ്റേഡിയവും അടുത്ത വർഷം തുറന്നുപ്രവർത്തിക്കും. പുതിയ സ്റ്റേഡിയങ്ങൾ രാജ്യത്ത് കൂടുതൽ പ്രാദേശിക അന്താരാഷ്ട്ര കായിക ഇനങ്ങൾ സംഘടിപ്പിക്കുന്നതിന് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.