കുവൈത്ത് സിറ്റി: രാജ്യം എന്നും ഞെട്ടലോടെയും വേദനയോടെയും ഓർക്കുന്ന ഇമാം സാദിഖ് മസ്ജിദിലെ ചാവേർ സ്ഫോടനത്തിന് ഇന്നേക്ക് രണ്ടു വർഷം. രണ്ടു വർഷം മുമ്പ് റമദാൻ ഒമ്പതിന് വെള്ളിയാഴ്ചയാണ് ശർഖിലെ സവാബിർ സമുച്ചയത്തിന് സമീപമുള്ള ശിയാ വിഭാഗത്തിെൻറ പ്രധാന പള്ളിയിൽ ചാവേർ സ്ഫോടനം നടന്നത്.
രാജ്യം നടുങ്ങിയ സ്ഫോടനത്തിൽ 26 പേർ രക്തസാക്ഷികളാവുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015 ജൂൺ 26 വെള്ളിയാഴ്ചയാണ് രാജ്യത്തെയും മേഖലയെയും നടുക്കിയ ചാവേർ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയവർക്കിടയിൽ ചാവേറായി എത്തിയയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന ശിയാ പള്ളിയായ ഇമാം സാദിഖ് മസ്ജിദ് പശ്ചിമേഷ്യയിലെ തന്നെ വലിയ ശിയാപള്ളികളിലൊന്നാണ്. വെള്ളിയാഴ്ചകളിൽ ഏറെ വിശ്വാസികൾ പ്രാർഥനക്കെത്തുന്ന പള്ളി റമദാനായതിനാൽ നിറഞ്ഞുകവിഞ്ഞിരുന്നു. സ്ഫോടനസമയത്ത് രണ്ടായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു.
രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തത്തിന് ചന്ദ്രമാസ പ്രകാരം രണ്ടുവർഷം പൂർത്തിയാവുമ്പോൾ സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിലാണ് ഭരണകൂടം. ജനങ്ങളാവട്ടെ ഇനി ഒരു ദുരന്തമുണ്ടാവരുതേ എന്ന പ്രാർഥനയിലും. സ്ഫോടനം നടന്ന് മിനിറ്റുകൾക്കകം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നേരിട്ടെത്തിയതാണ് സംഭവം മറ്റു പ്രശ്നങ്ങളിലേക്ക് വഴിമാറാതിരിക്കാൻ കാരണമായത്. സംഭവത്തെ ശക്തമായി അപലപിച്ച അമീറിെൻറ നിർദേശ പ്രകാരം തൊട്ടടുത്ത ദിവസം മസ്ജിദുൽ കബീറിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി അനുശോചനം സംഘടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ബയാൻ പാലസിൽ പ്രത്യേകം ആദരിച്ചതും സംഭവം നടന്ന് ഒരുവർഷം തികയും മുമ്പ് പള്ളി പുനർനിർമിച്ചുനൽകിയതും വിഭാഗീയതകൾക്ക് ഇടം നൽകാതെ മുന്നോട്ടുപോകാൻ രാജ്യത്തിന് സഹായകമായി. രാജ്യത്ത് വിഭാഗീയ സംഘർഷങ്ങളുണ്ടാക്കാനുള്ള ശ്രമം വെച്ചുപൊറിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷ കർശനമാക്കിയതിനൊപ്പം ശിയാവിഭാഗത്തിന് ആശ്വാസം നൽകുന്ന നടപടികൾക്ക് അമീർ തന്നെ നേരിട്ട് നേതൃത്വം വഹിച്ചത് മികച്ച പ്രതികരണമാണുണ്ടാക്കിയത്. രാജ്യത്തെ പ്രമുഖ സുന്നി പള്ളിയായ മസ്ജിദുൽ കബീറിൽ സുന്നി–ശിയ സംയുക്ത ജുമുഅ സംഘടിപ്പിച്ചത് രാജ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത മാതൃകയായിരുന്നു.
അതോടൊപ്പം, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമർപ്പിക്കാൻ മൂന്നു ദിവസം മസ്ജിദുൽ കബീറിൽ അവസരമൊരുക്കുകയും ചെയ്തു. അന്വേഷണം ഉൗർജിതമാക്കിയ സുരക്ഷാവിഭാഗം അതിവേഗം ചാവേറിനെ തിരിച്ചറിയുകയും മറ്റു പ്രതികളെ പിടികൂടുകയും ചെയ്തു. ഫഹദ് സുലൈമാൻ അബ്ദുൽ മുഹ്സിൻ അൽഗബഇ എന്ന സൗദി പൗരനായിരുന്നു ചാവേർ. ഏഴു സ്വദേശികൾ, അഞ്ചു സൗദി പൗരൻമാർ, മൂന്നു പാകിസ്താനികൾ, 13 ബിദൂനികൾ എന്നിവരടക്കം 29 പ്രതികളാണ് പിടിയിലായത്. സിറിയയിലെ ഐ.എസ് നിരയിലുള്ള സ്വദേശിയായ ഒരു പ്രതിയെ പിടികൂടാനായിട്ടില്ല. ഏഴുപേർക്ക് വധശിക്ഷ വിധിക്കുകയും എട്ട് പ്രതികളെ രണ്ടുമുതൽ 15 വർഷംവരെ തടവിന് ശിക്ഷിക്കുകയും 14 പേരെ തെളിവുകൾ ഇല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞദിവസം സുപ്രീം കോടതിയുടെ പരിഗണനക്കെത്തിയ കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവെച്ചപ്പോൾ ഒമ്പതാം പ്രതിയുടെ വധശിക്ഷ, 15 വർഷത്തെ തടവുശിക്ഷയാക്കി കുറച്ച അപ്പീൽ കോടതിയുടെ നടപടിയും ശരിവെച്ചു. സാഹോദര്യവും സഹിഷ്ണുതയും കളിയാടുന്ന രാജ്യമായി കുവൈത്ത് ഇനിയും തുടരും എന്ന പ്രതീക്ഷയിൽ ദുരന്തസ്മരണ പിന്നിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.