കുവൈത്ത് സിറ്റി: കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം 17 പേർ മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന് എന്നിവരാണ് മരിച്ച മലയാളികള്‍. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കബ്ദ് അർതാൽ റോഡിൽ ഞായറാഴ്ച ഉച്ചക്ക് 12.30 ഒാടെ ബുർഗാൻ ഗേറ്റിന് പിന്നിലായാണ് സംഭവം.
എതിർ ദിശയിൽ വേഗത്തിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിലധികവും വിദേശികളാണ്. കബ്ദിലെ ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള ബുർഗാൻ ഡ്രില്ലിങ് കമ്പനിയിലെ കരാർ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. രണ്ട് മലയാളികളെ കൂടാതെ അഞ്ച് ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.
ഗൾഫ്സ്പിക്, ഹിസ്കോ എന്നീ കരാർ കമ്പനികളിൽനിന്നുള്ള ജീവനക്കാരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കബ്ദ്, വഫ്ര എന്നിവിടങ്ങളിൽനിന്നും പെട്രോളിയം പ്രോജക്ടുകളിെലയും അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപെട്ട ബസുകളിലൊന്നിെൻറ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാൾ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തെളിവെടുപ്പ് വിഭാഗം സ്ഥലത്തെത്തി റോഡിൽ ചിതറിക്കിടന്ന മൃതദേഹങ്ങൾ എടുത്തുമാറ്റി. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.