കുവൈ\ത്ത് സിറ്റി: റമദാനിലെ സന്ധ്യകളില്‍ നിരവധി പേരാണ് പൗരാണികത തുളുമ്പുന്ന നായിഫ് പാലസ് വളപ്പിലെത്തുന്നത്. വര്‍ഷങ്ങളായി റമദാനില്‍ നോമ്പുതുറ സമയം അറിയിച്ചുകൊണ്ട് പീരങ്കി തീ തുപ്പുന്നത് കണ്ടാസ്വദിക്കാന്‍ മാത്രമല്ല അവര്‍ എത്തുന്നത്. അവിടെ മുഴങ്ങുന്ന പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശ ഭാഗമാവാന്‍ വേണ്ടിയാണ്.
പീരങ്കിമുഴക്കം നൂറ്റാണ്ട് പിന്നിട്ട് കുതിക്കുമ്പോള്‍ സമ്പന്നതയുടെയും ആധുനികതയുടെയും കടന്നുകയറ്റത്തിനിടയിലും പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന അറബ് ജനതയുടെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ് ഇഫ്താര്‍ സമയമറിയിച്ച് മുഴങ്ങുന്ന പീരങ്കിശബ്ദം. 1907ല്‍ ശൈഖ് മുബാറക് അസ്സബാഹിന്റെ കാലത്താണ് കുവൈത്തില്‍ റമദാന് പീരങ്കി തീ തുപ്പിത്തുടങ്ങുന്നത്. 1930കളിലൊക്കെ ഫായിദ് എന്നയാള്‍ക്കായിരുന്നു പീരങ്കിയുടെ ചുമതലയെന്ന് ചരിത്രഗവേഷകന് അഹ്മദ് ബിന്‍ ബര്‍ജാസ് പറയുന്നു.
പിന്നീട് ഇബ്ന് ഇഖാബ് എന്നയാള്‍ക്കായി ചുമതല. ഇപ്പോള്‍ സൈനിക വിഭാഗമാണ് പീരങ്കി കൈകാര്യം ചെയ്യുന്നത്. കുവൈത്തിലെ പീരങ്കി തീ തുപ്പുമ്പോള്‍ മുഴങ്ങുന്നത് നോമ്പുതുറക്കാന്‍ സമയമായി എന്ന അറിയിപ്പ് കൂടിയാണ്.
സൗഹൃദത്തിന്റെ കഥയും പറയാനുണ്ട് ഈ പീരങ്കിക്ക്. 1992ല്‍ ബഹ്റൈന്‍ സമ്മാനമായി നല്കിയ പീരങ്കിയാണ് ഇപ്പോള്‍ നായിഫ് പാലസില്‍ ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടില്‍ നിര്‍മിച്ച, 25 പൗണ്ട് ഭാരമുള്ള നിലവിലെ പീരങ്കി ഒരു ഓഫിസറടക്കം മൂന്ന് സേനാംഗങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
ഈ ചടങ്ങ് കാണാന്‍ കുടുംബസമേതം നിരവധിപേര്‍ റമദാന് നാളുകളില്‍ നായിഫ് പാലസ് വളപ്പില്‍ എത്താറുണ്ട്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഒരുദിവസം രണ്ടായിരം പേര്‍ക്ക് മാത്രമാണ് കൊട്ടാരവളപ്പിലേക്ക് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും നല്‍കും. കുവൈത്ത് ദേശീയ ടെലിവിഷന്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്റെ മുന്നോടിയായി ട്രക്കുകൾ നിരത്തിലിറക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. ഇതനുസരിച്ച് രാവിലെ ഉദ്യോഗസ്ഥർ ജോലിക്ക് പോകുന്ന 8.30 മുതൽ 10.30 വരെ ഇത്തരം വാഹനങ്ങൾ റോഡുകളിൽ ഓടിക്കരുത്. വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് പ്രയാസമില്ലാതെ വാഹനമോടിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ഉച്ചക്ക് ജോലി കഴിഞ്ഞ് ഉദ്യോഗസ്ഥർ വീടുകളിലേക്ക് മടങ്ങുന്ന 12.30 മുതൽ മൂന്നു വരെയും ഈ ഇനത്തിൽപ്പെട്ട വാഹനങ്ങൾ ഓടിക്കുന്നതിന് വിലക്കുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാനിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.
മിശ്രിഫ് കുത്തിവെപ്പ് കേന്ദ്രം ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും.
ജാബിർ പാലം, ജലീബ് യൂത്ത് സെൻറർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ കുത്തിവെപ്പ് കേന്ദ്രങ്ങൾ രാത്രി എട്ടു മുതൽ 12 വരെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.