ഗിർഗിയാൻ സമ്മാനപ്പൊതികൾ

ഇന്നുമുതൽ കുട്ടികളുടെ ഗിർഗിയാൻ ആഘോഷം

കുവൈത്ത് സിറ്റി: രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഗിർഗിയാൻ ആഹ്ലാദത്തിലാണ് കുവൈത്തിലെ കുരുന്നുകൾ. റമദാൻ 13 മുതലുള്ള മൂന്നുരാവുകളിൽ കുട്ടികൾക്കു വേണ്ടിയുള്ള ആഘോഷമാണ് ഗിർഗിയാൻ. കോവിഡ് കാരണം കഴിഞ്ഞ രണ്ടുറമദാനിലും ഗിർഗിയാൻ ആഘോഷമുണ്ടായിരുന്നില്ല. കോവിഡ്നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് ഗിർഗിയാന് അധികൃതർ അനുമതി നൽകിയത്. മിഠായികളുടെയും സമ്മാനപ്പൊതികളുടെയും ആഘോഷരാവുകൾ തിരിച്ചുകിട്ടിയതി‍െൻറ ആഹ്ലാദത്തിലാണ് കുട്ടികൾ. ചിലയിടങ്ങളിൽ ഇൗ ആഘോഷത്തിനെ ഖരങ്കാവോ എന്നും വിളിച്ചുപോരുന്നു.

ഭംഗിയുള്ള ഉടയാടകളും അലങ്കാരങ്ങളുമൊക്കെ അണിഞ്ഞ് കുട്ടികളുടെ ഗിർഗിയാൻ സംഘങ്ങൾ വീടുകൾ തോറും കയറി മധുരവും സമ്മാനങ്ങളും കൈമാറുന്നതാണ് ആഘോഷത്തിലെ പ്രധാന ആകർഷണം. പാർക്കുകൾ, ഷോപ്പിങ് മാളുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ആഘോഷങ്ങൾ. കഴിഞ്ഞ രണ്ടുദിവസങ്ങളായി കോഓപറേറ്റിവ് സൊസൈറ്റികളും വാണിജ്യസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗിർഗിയാൻ പരിപാടികൾ അരങ്ങേറിയിരുന്നു. പാട്ടുപാടിയും സമ്മാനങ്ങൾ നേടിയും കുട്ടികൾ രാവിനെ പകലാക്കുമ്പോൾ തിരക്കുകൾ മാറ്റിവെച്ച് മുതിർന്നവരും ഈദിനങ്ങൾ കുട്ടികൾക്കായി സമർപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ പ്രത്യേക ഗിർഗിയാൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. റമദാൻ രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ ഗിർഗിയാൻ മധുരം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് ശുവൈഖിലെ മിഠായിത്തെരുവിൽ.

ഗിർഗിയാൻ ആഘോഷത്തിന് മധുരം പകരാൻ വിവിധ ഇനം മിഠായികളും സമ്മാനപ്പോതികളും വിപണിയിൽ നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു. പതിവുപോലെ റാന്തൽ വിളക്കുകൾ, അലങ്കാരങ്ങൾ എന്നിവയുടെയും വിൽപന തകൃതി. തകരകൊണ്ടുണ്ടാക്കിയ ഗിർഗിയാൻ ബോക്സുകൾക്കും നല്ല ഡിമാൻറുണ്ട്. സൂഖ് സഫാഫീർ എന്നറിയപ്പെടുന്ന തകരച്ചന്തയിലാണ് പെട്ടികൾ തയാറാക്കുന്നത്. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പെട്ടികളിൽ അലങ്കാരപ്പണികൾ ചെയ്താണ് ഗിർഗിയാൻ സന്തൂക്കുകൾ ആക്കി മാറ്റുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ വാഴനാരുകൊണ്ടുണ്ടാക്കിയ മിഠായി കൂടുകൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്. കുരുന്നുകളുടെ ആഘോഷരാവുകൾക്ക്‌ പൊലിമയേകാൻ ജംഇയ്യകളും മറ്റും പ്രത്യേക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Children's Girgian celebration from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.