കുവൈത്ത് സിറ്റി : സ്വർണക്കടത്ത് കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്താണെന്നും ഇങ്ങനെ ലഭിക്കുന്ന തുക രാജ്യ വിരുദ്ധ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നുമുള്ള ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.
സംഭവം വിവാദമായപ്പോൾ പി.ആർ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്. ഒരു ദിവസം മുഴുവൻ ഒരു ജില്ലയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. ഇതിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയാറാവണം.
കഴിഞ്ഞ ദിവസം പത്രക്കാരെ കണ്ടപ്പോഴും മുഖ്യമന്ത്രി ഇതിനോട് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഒരു കമ്യൂണിസ്റ്റ് നേതാവിൽ നിന്ന് മാറി ആർ.എസ്.എസ് നേതാവിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.
ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രിയും പൊലീസും പിന്മാറണമെന്നും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.