കുവൈത്ത് സിറ്റി: രാജ്യചരിത്രത്തിലെ എണ്ണ ഉൽപാദന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ സംരംഭമായ ക്ലീൻ ഫ്യുവൽസ് പ്രോജക്ട് (സി.എഫ്.പി) കുവൈത്തിന്റെ നിലയും ഭാവിയും മാറ്റിമറിക്കുകയും ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതിസൗഹൃദവുമായ കയറ്റുമതിക്കാരുടെ ഇടയിൽ രാജ്യത്തിന് ഇടംനൽകുകയും ചെയ്യുമെന്ന് വിലയിരുത്തലുകൾ.
പ്രാദേശിക സാമ്പത്തിക ആകർഷണകേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനച്ചടങ്ങിൽ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പങ്കെടുത്തത് പദ്ധതിക്ക് രാജ്യം നൽകുന്ന വലിയ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
സി.എഫ്.പി വിവിധ ലോക വിപണികളിൽ എണ്ണ ഉൽപന്നങ്ങളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും സ്വാധീനമുള്ള ശക്തിയായി കുവൈത്തിനെ മാറ്റുമെന്നാണ് വിലയിരുത്തൽ. ഈ തന്ത്രപ്രധാനമായ പദ്ധതി മിന അബ്ദുല്ല, മിന അൽ അഹ്മദി സംസ്കരണശാലകൾ വികസിപ്പിക്കുന്നതാണ്. എണ്ണശുദ്ധീകരണ വ്യവസായത്തിലും പദ്ധതി കുവൈത്തിന്റെ ആഗോള സ്ഥാനം ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
പദ്ധതി ഊർജ കാര്യക്ഷമതയും പരിസ്ഥിതി സംരക്ഷണവും വളരെയധികം മെച്ചപ്പെടുത്തുന്നുണ്ട്.
രണ്ടു കമ്പനികളുടെയും സംസ്കരണശാലകൾ ശുദ്ധമായ ഉൽപന്നങ്ങൾ നിർമിച്ചെടുക്കുന്നുണ്ട്. 23 രാജ്യങ്ങളിൽ നിന്നുള്ള 199 കമ്പനികൾ പദ്ധതി നടപ്പാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും നിർമാണത്തിൽ പങ്കെടുത്തുവെന്ന് സാങ്കേതിക വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.