കുവൈത്ത് സിറ്റി: സർക്കാറുമായി ഉടമ്പടിയിലേർപ്പെട്ട കമ്പനികളിലെ ക്ലീനിങ്- സെക്യൂരിറ്റി തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കുന്നത് ശക്തമായി നടപ്പാക്കുമെന്ന് മാൻപവർ അതോറിറ്റി ഉപമേധാവി മുബാറക് അൽ ജാഫൂർ പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണവില കുറഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിെൻറ ഭാഗമായാണ് സർക്കാർ വകുപ്പുകളിലെ കോൺട്രാക്ടിങ് ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് മാസങ്ങൾക്കുമുമ്പ് നൽകിയെങ്കിലും ചില വകുപ്പുകൾ ഇനിയും കൃത്യമായി നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വകുപ്പ് പ്രതിനിധികൾ പങ്കെടുത്ത യോഗം നടന്നത്. ചുരുക്കം വകുപ്പുകൾ ഉത്തരവ് ലഭിച്ചയുടൻ തീരുമാനം നടപ്പാക്കാൻ മുന്നോട്ടുവന്നതായി മുബാറക് അൽ ജാഫൂർ പറഞ്ഞു.
എന്നാൽ, മറ്റു ചില വകുപ്പുകൾ ഒഴിവുകഴിവുകൾ പറഞ്ഞ് തീരുമാനം നടപ്പാക്കുന്നതിന് സാവകാശം ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ മന്ത്രാലയങ്ങൾക്കിടയിൽ വിവേചനം അനുവദിക്കില്ല. തീരുമാനം കൃത്യമായി നടപ്പാക്കിയിട്ടുണ്ടോയെന്നറിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വകുപ്പുകളിൽ സന്ദർശനം നടത്തുമെന്നും മുബാറക് അൽ ജാഫൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.