കുവൈത്ത് സിറ്റി: രാജ്യത്ത് അന്തരീക്ഷ ഉൗഷ്മാവിൽ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കൂടിയ ചൂട് 43 ഡിഗ്രിയും രാത്രികാലങ്ങളിലെ കുറഞ്ഞ ചൂട് 32 ഡിഗ്രിയുമായിരുന്നെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.
വരും ദിവസങ്ങളിൽ ചൂടിെൻറ ശക്തി ഇനിയും കൂടുമെന്നാണ് പ്രവചനം. ഇതോടൊപ്പം മണിക്കൂറിൽ 8-30 കിലോ മീറ്റർ വേഗത്തിൽ വടക്കു-പടിഞ്ഞാറൻ കാറ്റടിക്കാനും സാധ്യതയുണ്ട്.
രാത്രികാലങ്ങളിൽ കാറ്റിെൻറ ശക്തി കുറഞ്ഞ് മണിക്കൂറിൽ 6-22 വരെ വേഗതയിലേക്ക് താഴുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു. മിതശീതോഷ്ണമായ നല്ല കാലാവസ്ഥക്ക് ശേഷം രാജ്യം പതിയെ ഉഷ്ണകാലത്തിലേക്ക് കടക്കുകയാണ്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഒരുഘട്ടത്തിൽ 54 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തലുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വിവിധ ഘടകങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിൽ പൊതുവിലും കുവൈത്തിൽ പ്രത്യേകിച്ചും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.