കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികൾ പ്രതികളായ കുറ്റകൃത്യങ്ങൾ വർധിച്ചതായി ജുവനൈൽ പ്രോസിക്യൂഷൻ കഴിഞ്ഞയാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ ഏഴുമുതൽ 18 വയസ്സുവരെയുള്ള പ്രായപൂർത്തിയാകാത്തവർക്കെതിരെ 398 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ കൊലപാതകം, ആത്മഹത്യ, മോഷണം, അക്രമം എന്നിവ ഉൾപ്പെടുന്നു. കൊലപാതകം, സ്ഥിരമായ അംഗവൈകല്യം വരുത്തുന്ന രീതിയിലുള്ള അക്രമം തുടങ്ങി 16 പേർക്കെതിരെയാണ് ഗുരുതരമായ കേസുകൾ ഉള്ളത്. 60 ശതമാനം സ്വദേശി കുട്ടികളാണ് ഇത്തരം കേസുകളിലെ കൂടുതൽ പ്രതികളും.
20 ശതമാനവുമായി ബിദൂനി ബാലന്മാരാണ് ഇക്കാര്യത്തിൽ രണ്ടാമത്. അറബ് വംശജരും മറ്റുള്ളവരുമാണ് തുടർന്നുവരുന്നത്. ജുവനൈൽ സംരക്ഷണത്തിന് വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ അധികൃതർ ഉദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി അവബോധ കാമ്പയിൻ സംഘടിപ്പിക്കും. സ്കൂളുകളിലും വ്യാപാര സമുച്ചയങ്ങളിലും ബോധവത്കരണ പരിപാടികൾ നടത്തുകയും നോട്ടീസ് പതിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.