കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂളുകളിലെ സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി പഠനേതര പരിപാടികൾ നടത്താനാണ് അധികൃതർ നിർദേശം നൽകിയത്. സ്വകാര്യ സ്കൂളുകൾക്കും സ്പെഷൽ സ്കൂളുകൾക്കും ബാധകമാകുന്നതാണ് നിർദേശം. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി അൽ-യാകൂബ് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് നിർദേശമുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ച സാഹിത്യ മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ പുനരാരംഭിക്കാം. വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും പഠനേതര പ്രവർത്തനങ്ങൾ പ്രധാന പങ്കുവഹിക്കുന്നതായി ഡോ. അലി അൽ യാകൂബ് പറഞ്ഞു.
സാംസ്കാരികവും സാഹിത്യപരവുമായ മത്സരങ്ങൾ പുനരാരംഭിച്ച് സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാനും 2021-2022 അധ്യയന വർഷത്തേക്കുള്ള ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കാനും സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഘട്ടംഘട്ടമായി സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി സ്കൂൾ തുറന്നത് ഒക്ടോബർ മൂന്നിനാണ്.
ഒന്നിടവിട്ട ദിവസങ്ങളിലാണ് ഒാരോ വിദ്യാർഥികൾക്കും ഇപ്പോൾ ക്ലാസ്. രക്ഷിതാക്കൾക്ക് ഓൺലൈൻ രീതി തുടരണം എന്നുണ്ടെങ്കിൽ അതിനുള്ള അവസരവും വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ വീണ്ടും ലഘൂകരിക്കാനാണ് നീക്കം.
ഇതിെൻറ ഭാഗമായാണ് സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുന്നത്. പരിപാടികളിലും ആദ്യ ഘട്ടത്തിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.